ഹൈറേഞ്ചിൽ കുഴല്‍ കിണര്‍ നിര്‍മാണം കൊഴുക്കുന്നു

നെടുങ്കണ്ടം: ഹൈറേഞ്ചിലെമ്പാടും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കുഴല്‍ കിണര്‍ നിർമാണം സജീവമാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച് മാസത്തോടെ ആരംഭിക്കാറുള്ള ജല ക്ഷാമവും കൊടിയ വേനലും കണക്കാക്കി ഇക്കുറി മാസങ്ങള്‍ക്ക് മുമ്പേ കുഴല്‍ കിണറുകള്‍ കുഴിച്ചു തുടങ്ങി. സാധാരണ വീട്ടുമുറ്റത്തോ പുരയിടത്തിലോ കിണറുകള്‍ കുഴിച്ചാല്‍ വെള്ളം കിട്ടാത്ത അവസ്ഥയിലാണ്. ഇതിനാലാണ് കുഴല്‍ കിണറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനേന വര്‍ധിച്ചുവരാന്‍ കാരണം. കുഴല്‍ കിണര്‍ നിർമാണം വ്യാപകമായതോടെ സാധാരണ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പും മിക്കയിടത്തും താഴുകയും ചില കിണറുകളിലെ വെള്ളം പൂര്‍ണമായും വറ്റിയിട്ടുമുണ്ട്. പലയിടങ്ങളിലും ഭൂഗര്‍ഭജലനിരപ്പ് പോലും താഴും വിധമാണ് ഭൂമി തുരക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെ കുടിവെള്ളപദ്ധതികള്‍ക്ക് പോലും കുഴല്‍കിണറുകളെയാണ്​ ആശ്രയിക്കുന്നത്. മുന്‍ കാലങ്ങളില്‍ പഞ്ചായത്ത് നിര്‍മിച്ച മിക്ക കുഴല്‍ കിണറുകളും തുരുമ്പെടുത്ത്​ നശിച്ചു. 400 ഉം 500-ഉം അടി താഴ്ത്തിയാലും വെള്ളം കിട്ടാത്ത അവസ്ഥയില്‍ ആയിരവും അതിലധികവും അടി താഴ്ചയിലാണ് പലയിടങ്ങളിലും കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നത്. ജില്ലയില്‍ 110 എം.എം. വലുപ്പത്തില്‍ 150 മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിന് ഭൂഗര്‍ഭജല വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന്​ മുമ്പ് ജില്ല കലക്​ടറുടെ ഉത്തരവുണ്ടായിരുന്നു. എന്നാല്‍, ഉത്തരവുകള്‍ പലതും ലംഘിച്ചാണ് കിണറുകള്‍ കുഴിക്കുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുഴല്‍ കിണര്‍ നിര്‍മാണം നടക്കുന്നത്. ഇതിനായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ചെറുതും വലുതുമായ നിരവധി കുഴല്‍ കിണര്‍ വാഹനങ്ങളാണ് അതിര്‍ത്തി കടന്ന് എത്തുന്നത്. വേനല്‍ ആരംഭിക്കുന്നതോടെ വാഹനങ്ങള്‍ വാടകക്കെടുത്ത് കുഴല്‍കിണര്‍ നിർമിച്ചുകൊടുക്കുന്ന ഏജന്റുമാരും സജീവമാണ്. കുഴല്‍ കിണറിന്റെ ആഴത്തിനനുസരിച്ച് ലക്ഷവും അതിലധികവും രൂപയാണ് കുഴല്‍ കിണര്‍ കുഴിക്കുന്നതിന് ഇവര്‍ ഈടാക്കുന്നത്. ഏലത്തോട്ടങ്ങളിലെ ഉപയോഗത്തിനും ആളുകൾ കുഴല്‍ കിണറുകള്‍ കുഴിക്കുന്നുണ്ട്​. വെള്ളം ഇല്ലാതെ ഉപേക്ഷിക്കുന്ന കിണറുകള്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ ആരും സ്വീകരിക്കാറുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.