ഇനി എല്ലാവരും സ്കൂളിൽ

p2 lead package തൊടുപുഴ: കോവിഡ്​ മൂന്നാം തരംഗ ആശങ്കകൾ വഴിമാറുന്ന സാഹചര്യത്തിൽ കുട്ടികൾ വീണ്ടും പ്രതീക്ഷയോടെ സ്കൂളിലേക്ക്​. പ്രീ പ്രൈമറി ക്ലാസുകളും ഒന്ന്​ മുതൽ ഒമ്പത്​ വരെയുള്ള ക്ലാസുകളുമാണ്​ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുന്നത്​. നവംബർ ഒന്നിന്​ തുറന്ന സ്കൂളുകൾ കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ജനുവരി 21ന്​ അടയ്​ക്കുകയായിരുന്നു. എന്നാൽ, കേസുകൾ കുറയുകയും ഇളവുകൾ വരികയും ചെയ്ത സാഹചര്യത്തിലാണ്​ വീണ്ടും തുറക്കാൻ വിദ്യാഭ്യാസ വകുപ്പ്​ തീരുമാനിച്ചത്​. ഒന്ന്​ മുതൽ ഒമ്പതുവരെ ക്ലാസുകൾ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ തുടരും. 10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19വരെ തുടരും. ഫെബ്രുവരി 21 മുതൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണനിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തണമെന്നാണ്​ ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദേശം. ജില്ലയിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പുർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ്​ പറഞ്ഞു. സ്കൂളു​കളിൽ ടീം മോണിറ്ററിങ്; കുട്ടികൾക്കായി കർമപദ്ധതി സ്​കൂളിലെ സൗകര്യം, പഠന നിലവാരം, പാഠഭാഗങ്ങളുടെ പൂർത്തീകരണം, കുട്ടികളുടെ ആരോഗ്യം എന്നിവ നിരീക്ഷിക്കാൻ എ.ഇ.ഒ, ഡി.ഇ.ഒ, ഡയറ്റ്​, എസ്​.എസ്​.കെ എന്നിവരെ ഉൾപ്പെടുത്തി ടീം മോണിറ്ററിങ്​ നടത്താൻ തീരുമാനിച്ചിട്ടുണ്ട്​. വിദ്യാലയങ്ങൾ സന്ദർശിച്ച്​ സ്ഥിതിഗതികൾ വിലയിരുത്തും. എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്‍റെയും പ്ലാൻ തയാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതുസംബന്ധിച്ച റിപ്പോർട്ട് പ്രധാനാധ്യാപകർ മുഖാന്തരം ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകണമെന്ന്​ നിർദേശം നൽകിയിട്ടുണ്ട്​. പൊതുപരീക്ഷക്ക്​ തയാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണ പ്രവർത്തനങ്ങൾ അതത് സ്‌കൂൾ തലത്തിൽ ആവിഷ്‌കരിച്ച് നടപ്പാക്കണം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പ്ര​ത്യേക കർമപദ്ധതി അതത് സ്‌കൂൾ തലത്തിൽ തയാറാക്കി കുട്ടികളെയും പരീക്ഷക്ക്​ തയാറാക്കേണ്ടതാണ്. കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതും മാനസിക സംഘർഷം ലഘൂകരിക്കാൻ ഉതകുന്നതുമായ പ്രവർത്തനങ്ങൾ സ്‌കൂൾതലത്തിൽ ആവിഷ്‌കരിച്ച് നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്​. ആയിരത്തോളം കുട്ടികൾ ഓഫ്​ലൈനിനും ഓൺലൈനിനും പുറത്ത്​ ജില്ലയിൽ ഓൺലൈനിലും ഓഫ്​ലൈനിലും ക്ലാസിൽ പ​ങ്കെടുക്കാത്ത ആയിരത്തോളം കുട്ടികളാണുള്ളതെന്ന്​ കണക്കുകൾ​. സ്കൂളുകളിൽ വരാൻ കുട്ടികളെ നിർബന്ധിച്ചിരുന്നില്ലെങ്കിലും ഇവർ ഓൺലൈൻ ക്ലാസിലും പ​ങ്കെടുത്തിട്ടില്ലെന്നാണ്​ വിവരം. അതിർത്തി ജില്ലയിലെ കുട്ടികളാണ്​ ഇവർ. കൂടുതലും തമിഴ്​ മീഡിയം സ്കൂളുകളിലെ കുട്ടികളാണ്​. ഇവർ രക്ഷിതാക്കൾക്കൊപ്പം തമിഴ്​നാട്ടിലും മറ്റും പോയതിനാലാകാം കുട്ടികൾ ക്ലാസുകളിൽ പ​ങ്കെടുക്കാത്തതെന്നാണ്​ കരുതുന്നത്​. ജില്ലയിൽ പലയിടങ്ങളിലും നെറ്റ്​വർക്ക്​ ലഭ്യതക്കുറവും വെല്ലുവിളിയാണ്​. വാക്സിനെടുക്കാൻ 1468 കുട്ടികൾ 1468 കുട്ടികൾക്ക്​ കൂടിയാണ്​ ജില്ലയിൽ ഇനി വാക്സിനേഷൻ എടുക്കാനുള്ളത്​​. 15-18 വയസ്സ്​ പ്രായമുള്ള 22,​677 വിദ്യസ്ഥികളാണ്​ ജില്ലയിലുണ്ടായിരുന്നത്​. സ്കൂളുകളിൽ തന്നെ ക്യാമ്പ്​ വെച്ച്​ ഇവർക്ക്​ നൽകിവരുന്നതായും ഉടൻ പുറത്തിയാക്കാൻ കഴിയുമെന്ന്​ വിദ്യാഭ്യാസ ഉപഡയറക്​ടർ ശശീന്ദ്ര വ്യാസ്​ പറഞ്ഞു. അധ്യാപകരുടെ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്​. കോവിഡ്​ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും സ്കൂൾ തുറക്കുക. സ്കൂളുകളിൽ ശുചീകരണമടക്കം നടത്തിയിട്ടുണ്ട്​. അധ്യാപകർ എല്ലാ ദിവസവും സ്കൂളുകളിൽ എത്തിയിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല. എസ്​.എസ്​.എൽ.സി പ്ലസ്​ടു പരീക്ഷ അടുത്തതിനാൽ പരീക്ഷയെ ഫോക്കസ്​ ചെയ്താകും ഇനിയുള്ള​ പ്രവർത്തനങ്ങൾ. ഓൺലൈൻ ക്ലാസുകളും തുടരും. ഉച്ചഭക്ഷണം സ്കൂൾ വാഹനം എന്നിവ നവംബറിൽ തുടങ്ങിയതുപോലെ നൽകുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു. രണ്ട്​ പ്രീ പ്രൈമറി സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്​ പ്രീ പ്രൈമറി വിഭാഗത്തിൽ സർക്കാർ സ്‌കൂളുകളെ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായി ജില്ലയിൽ രണ്ട്​ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്​. ജില്ലയിൽനിന്ന് കഴിഞ്ഞവർഷം തേർഡ്ക്യാമ്പ് സ്‌കൂളിനെ തെരഞ്ഞെടുത്തിരുന്നു. ഇത്തവണ കരിങ്കുന്നം, തോക്കുപാറ സ്കൂളുകളെയാണ്​ തെരഞ്ഞെടുത്തിരിക്കുന്നത്​. സമഗ്ര ശിക്ഷ കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ അന്താരാഷ്ട്ര നിലവാരത്തിൽ സ്കൂളുകളെ മാതൃക വിദ്യാലയമായി ഉയർത്തുന്നത്​. പ്രീ പ്രൈമറി കുട്ടികളുടെ സമഗ്ര വികാസത്തിന് ഉതകുന്ന സർഗ വിദ്യാലയമാണ്​ ലക്ഷ്യമിടുന്നത്​. കുട്ടികളുടെ കലാപരവും ഭാഷാപരവുമായ വികാസം ലക്ഷ്യമിടുന്ന സർഗ വിദ്യാലയത്തിൽ സംഗീതം, ചിത്രകല, നൃത്തം, അഭിനയം, വായന, ഭാഷകൾ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങളൊക്കെയുണ്ടാകും. ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യംവെക്കുന്ന വെൽനെസ് പാർക്കും സ്കൂളിലുണ്ടാകും. വോളിബാൾ, ഫുട്ബാൾ, ബാസ്‌കറ്റ് ബാൾ, ക്രിക്കറ്റ് തുടങ്ങി വിവിധതരം കളികൾക്കുള്ള ക്രമീകരണങ്ങൾ ഇതോടൊപ്പം ഉണ്ടാവും. പഠനം രസകരമാക്കാൻ ക്ലാസ് മുറികളും പരിസരവും മികവുറ്റ രീതിയിൽ ഒരുക്കിയും. ഇതിനായി ക്ലാസ് മുറികളിൽ ചിത്രങ്ങളും പഠന ഉപകരണങ്ങളും സജ്ജമകാക്കും. 15 ലക്ഷം രൂപ മുതൽ മുടക്കിലാണ്​ സ്കൂളുകൾ മികച്ച നിലവാര​ത്തിലേക്ക്​ ഉയരുന്നത്​. ഇത്​ കൂടാതെ എട്ട്​ പ്രീ പ്രൈമറി സ്കൂളുകൾക്ക്​ ഒരുലക്ഷം രൂപ വീതം അടിസ്ഥാന സൗകര്യ വികസനത്തിനായും അനുവദിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.