മൂന്നാർ: ദിവസങ്ങൾക്കുമുമ്പ് ആയിരക്കണക്കിന് സന്ദർശകരെത്തിയ മൂന്നാറും പരിസരങ്ങളും വീണ്ടും വിജനമായി. പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതോടെയാണ് മൂന്നാറിൽ തിരക്കൊഴിഞ്ഞത്. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം മൂന്നാർ പഴയ പ്രൗഢി വീണ്ടെടുത്തത് പൂജ അവധിക്കാലത്തായിരുന്നു. രണ്ടുദിവസംകൊണ്ട് പതിനായിരക്കണക്കിന് സഞ്ചാരികളാണ് മൂന്നാറിലെ വിവിധ കേന്ദ്രങ്ങൾ കണ്ട് മടങ്ങിയത്. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ കാലവർഷം ഉണർന്നുതുടങ്ങിയ സീസണ് തിരിച്ചടിയായി. പൂജ അവധിക്ക് മാത്രം രാജമലയിൽ അയ്യായിരത്തോളം പേരെത്തി. മാട്ടുപ്പെട്ടി, കുണ്ടള, ഹൈഡൽ പാർക്ക് എന്നിവിടങ്ങളിൽ എത്തിയ സഞ്ചാരികളിൽനിന്ന് മാത്രം വൈദ്യുതി ബോർഡിന് എട്ടുലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. മാസങ്ങളായി അടഞ്ഞുകിടന്ന റിസോർട്ടുകൾ പൂർണമായും ഉപയോഗിച്ചതോടെ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റമുണ്ടായി. മൂന്നാർ മുതൽ മറയൂർ വരെ പ്രദേശങ്ങളിൽ ചെറുതും വലുതുമായ വ്യാപാര കേന്ദ്രങ്ങളിൽ വലിയ ചലനമുണ്ടായി. എന്നാൽ, മഴയും വെള്ളപ്പൊക്കവും ഉണ്ടായതോടെ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജില്ല കലക്ടർ പ്രവേശനം നിരോധിക്കുകയായിരുന്നു. മൂന്നുദിവസമായി ഹോട്ടലുകളിലെ ബുക്കിങ്ങുകൾ എല്ലാം റദ്ദായി. സഞ്ചാരികൾ വരാതായതോടെ കച്ചവടക്കാരും പ്രതിസന്ധിയിലായി. ഞായറാഴ്ച വരെ കനത്തമഴ പ്രതീക്ഷിക്കുന്നതിനാൽ ഇതേനില തുടരുമെന്നാണ് കരുതുന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെ കാലാവസ്ഥ മാറ്റം മൂന്നാറിൽ വിനോദസഞ്ചാരത്തെ ആശ്രയിച്ച് കഴിയുന്നവരുടെ പ്രതീക്ഷകൾ വീണ്ടും തകരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.