മൂന്നാർ: വിനോദ സഞ്ചാരികൾക്ക് മടുപ്പുണ്ടാക്കുന്ന മൂന്നാറിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമായി വൻകിട ജൈവവള നിർമാണ യൂനിറ്റ് ആരംഭിക്കുന്നു. മൂന്നാറിൽനിന്ന് സംഭരിക്കുന്ന ജൈവമാലിന്യം ഉപയോഗിച്ച് പ്രതിദിനം ഒരു ടൺ വളം ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നതാണ് പദ്ധതി. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ഭീഷണിയാണ് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യക്കൂമ്പാരം. ഇതുവരെ ഇവ ശേഖരിച്ച് ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ നല്ലതണ്ണിയിലെ പഞ്ചായത്തുവക സംഭരണകേന്ദ്രത്തിൽ തള്ളുകയായിരുന്നു. ജൈവ, പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കാതെയാണ് ഇവിടെ തള്ളുന്നത്. ഇതിലെ അഴുകിയ അവശിഷ്ടം നല്ലതണ്ണി പുഴയിലേക്കാണ് എത്തുന്നത്. ജൈവാവശിഷ്ടമുള്ള പ്ലാസ്റ്റിക് വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും ഭക്ഷിക്കുന്നതും പതിവാണ്. മൂന്നാർ ഗ്രാമപഞ്ചായത്ത്, യു.എൻ.ഡി.പി, ഹരിത കേരള മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്. ഒരു പതിറ്റാണ്ടിലേറെയായി ഇവിടെ തള്ളിയ പ്ലാസ്റ്റിക് മാത്രം ഏതാണ്ട് 2000 ചതുരശ്രമീറ്റർ വരും. ഇത് നീക്കിയാണ് പുതിയ വളം നിർമാണ യൂനിറ്റും പ്ലാസ്റ്റിക് തരംതിരിക്കൽ കേന്ദ്രവും തുടങ്ങുന്നത്. 80 ലക്ഷം ചെലവിൽ ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് മണ്ണുമാന്തി ഉപയോഗിച്ച് പ്ലാസ്റ്റിക് കുഴിച്ചെടുക്കുന്നത്. ഇത് വലിയ കട്ടകളാക്കി മാറ്റി സിമൻറ് കമ്പനികൾക്ക് കൈമാറും. പ്രദേശം വൃത്തിയാക്കിയശേഷം വിദഗ്ധരുടെ മേൽനോട്ടത്തിലാകും യൂനിറ്റ് പ്രവർത്തിക്കുകയെന്ന് ഹരിത കേരള മിഷൻ റിസോഴ്സ്പേഴ്സൻ കെ.ജെ. സെബാസ്റ്റ്യൻ പറഞ്ഞു. ജൈവവളം നിർമിക്കാനുള്ള സാങ്കേതിക സഹായം നൽകുന്നത് പാലക്കാട് ഇൻഡസ്ട്രിയൽ റൂറൽ ടെക്നോളജി സൻെററാണ്. ജൈവ, പ്ലാസ്റ്റിക്, കടലാസ് മാലിന്യം തരംതിരിച്ച് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കാൻ വ്യത്യസ്ത നിറങ്ങളിലുള്ള കണ്ടെയ്നർ നൽകും. ഇങ്ങനെ ലഭിക്കുന്ന പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനിക്ക് വിൽക്കും. ജൈവവളം നിർമിക്കാനും പ്ലാസ്റ്റിക് തരം തിരിക്കാനും ആവശ്യമായ ലഘുയന്ത്രങ്ങൾ യു.എൻ.ഡി.പി നൽകും. ചിത്രം TDL104 Munnar waste: പ്ലാസ്റ്റിക് നിറഞ്ഞ നല്ലതണ്ണിയിലെ മാലിന്യ സംഭരണ കേന്ദ്രം. ഇവ നീക്കിയാണ് പുതിയ യൂനിറ്റ് ആരംഭിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.