ഇടുക്കി: കണ്ണീരിൻെറ ദുരിതപർവം താണ്ടിയ പെട്ടിമുടിയിലെ എട്ട് കുടുംബങ്ങൾക്ക് നീറുന്ന ഓർമകൾക്കിടയിലും സന്തോഷത്തിൻെറ നറുവെളിച്ചം പകർന്ന് പുത്തൻ വീടുകൾ ഒരുങ്ങുന്നു. പെട്ടിമുടി ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടെങ്കിലും ജീവിതം തിരിച്ചുപിടിച്ച എട്ട് കുടുംബങ്ങൾക്ക് മാട്ടുപ്പെട്ടിയിലെ കുറ്റിയാർവാലിയിൽ സർക്കാർ പതിച്ചുനൽകിയ അഞ്ച് സൻെറ് ഭൂമിയിലാണ് പുതിയ വീടുകൾ. ഉറ്റവരുടെ വേർപാടിനൊപ്പം ജീവിതത്തിലെ സർവ സമ്പാദ്യങ്ങളും താമസിച്ച വീടും നഷ്ടമായ ഈ കുടുംബങ്ങൾ ഇപ്പോൾ കണ്ണൻദേവൻ കമ്പനി നൽകിയ താൽക്കാലിക വീടുകളിലും വാടക വീടുകളിലുമാണു കഴിയുന്നത്. ബന്ധുക്കളെ നഷ്ടപ്പെട്ട് ഒന്നോ രണ്ടോ പേർ മാത്രമായി ചുരുങ്ങിയ കുടുംബങ്ങളും ഇക്കൂട്ടത്തിലുണ്ട്. ആഗസ്റ്റ് ആറിനായിരുന്നു പെട്ടിമുടിയിൽ 70 ജീവൻ കവർന്ന ഉരുൾപൊട്ടൽ ദുരന്തം. സംഭവം നടന്ന് മൂന്ന് മാസത്തിനകം ഇവർക്ക് സ്ഥലം ലഭ്യമാക്കി. കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഇതിനുള്ള നടപടി വേഗത്തിൽ പൂർത്തിയാക്കിയത്. കണ്ണൻദേവൻ കമ്പനിയാണ് വീടുകൾ നിർമിച്ചുനൽകുന്നത്. ഒരുകോടി രൂപയാണ് ചെലവ്. എട്ട് വീടുകളിൽ നാലെണ്ണം ഏകദേശം പൂർത്തിയായി. മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നു. ജനുവരി അവസാനം ഇവ കൈമാറാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മതികെട്ടാൻചോല ദേശീയോദ്യാനം: ദുർബല മേഖല പ്രഖ്യാപനത്തിൽ ആശങ്ക *നിർദേശങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടെന്നും ഇല്ലെന്നും അടിമാലി: മതികെട്ടാൻചോല ദേശീയോദ്യാനത്തിനു ചുറ്റുമുള്ള ഒരുകിലോമീറ്റർ പരിധി (17.5 ചതുരശ്ര കി.മീ)സ്ഥലം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ. വ്യക്തമായ വിവരം ലഭ്യമല്ലാത്തതും അളന്ന് തിരിക്കുന്നത് എങ്ങനെയെന്നതടക്കം കാര്യങ്ങളിൽ അധികൃതർ തീരുമാനമെടുക്കാത്തതുമാണ് ആശങ്കക്ക് കാരണം. പൂപ്പാറ വില്ലേജിൽ 12.817ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് മതികെട്ടാൻചോല ദേശീയോദ്യാനം. ദേശീയോദ്യനത്തിന് ചേർന്നുള്ള പ്രദേശങ്ങൾ തോട്ടംമേഖലയും ജനവാസ മേഖലയുമാണ്. അന്തിമ വിജ്ഞാപനത്തിലെ വിവരങ്ങൾ റവന്യൂ- തദ്ദേശവകുപ്പ് അധികൃതർക്ക് ലഭിക്കാത്തതിനാൽ മേഖലയിലെ താമസക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്റ്റ് 13നാണ് കരട് വിജ്ഞാപനമിറങ്ങിയത്. കരട് വിജ്ഞാപനമിറങ്ങി 60 ദിവസത്തിനകം ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച ശേഷമാണ് വിജ്ഞാപനമിറക്കിയതെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. രണ്ടുവർഷത്തിനകം പ്രദേശവാസികളുമായി ചർച്ച നടത്തി ദുർബലമേഖല മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാർ തയാറാക്കുമെന്നാണ് വിവരം. കഴിഞ്ഞ 28 മുതൽ 60 ദിവസത്തിനകം കൂടുതൽ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് അവസരമുണ്ടെന്ന സൂചനകളുണ്ടെങ്കിലും ഇതുസംബന്ധിച്ച വിവരവും ലഭ്യമല്ല. അനുവദനീയ ഭൂമി ഉപയോഗത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും നിയന്ത്രണം പാടില്ലെന്ന് മന്ത്രാലയം പറയുന്നത് പ്രതീക്ഷ നൽകുന്നുവെങ്കിലും പരിസ്ഥിതി സൗഹാർദപരമായ വികസനം ഉറപ്പുവരുത്തണമെന്ന മാനദണ്ഡം മേഖലയിലെ നിർമാണ പ്രവർത്തനങ്ങളെ ഏതു തരത്തിൽ ബാധിക്കുമെന്നതാണ് കർഷകരുടെ ആശങ്ക. പരിസ്ഥിതി ലോലമേഖലയായി മാറുന്നതോടെ വീട്, വ്യാപാര സ്ഥാപനങ്ങൾ, റോഡ് തുടങ്ങിയ ഉൾപ്പെടെയുള്ളവയുടെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. വെട്ടി അതിർത്തികടത്തിയ ചന്ദനത്തടികൾ പിടികൂടി വനപാലകർ * പിടിച്ചെടുത്തത് 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനം മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാളപ്പെട്ടി വനമേഖലയിൽനിന്ന് മുറിച്ചുകടത്തിയ ചന്ദനം മണിക്കൂറുകൾക്കകം തമിഴ്‌നാട് വനാതിർത്തിയിൽനിന്ന് കണ്ടെടുത്ത് ചിന്നാർ വന്യജീവി സങ്കേതത്തിലെ വനപാലകർ. പാളപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തണ്ണിതുറൈ ഭാഗത്തുനിന്ന് വലിയ മരത്തിൻെറ രണ്ടു ശിഖരങ്ങളും ഒരു ഉണങ്ങിയ മരവുമാണ് തമിഴ്‌നാട്ടിൽനിന്നുള്ള സംഘം 29ന് രാത്രി മുറിച്ച് അതിർത്തി കടത്തിയത്. പാളപ്പെട്ടിയിൽനിന്ന് വനത്തിലൂടെ തലച്ചുമടായിട്ടാണ് ചന്ദനത്തടികൾ ആറുകിലോമീറ്റർ അകലെ തമിഴ്‌നാട് അതിർത്തി കടത്തിയത്. 10ലക്ഷം രൂപയിലധികം വിലമതിക്കുന്ന 120കിലോ ചന്ദനമാണിത്. 30ന് രാവിലെ പരിശോധനയിൽ മരങ്ങൾ നഷ്ടപ്പെട്ടത് കണ്ടെത്തിയ വനപാലകസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിസ്തൃതമായ വനമേഖലയിൽ പരിശോധന നടത്തി. മരം മുറിച്ച സ്ഥലത്തുനിന്ന് 25 കിലോമീറ്റർ അകലെ ഉച്ചയോടുകൂടി തമിഴ്‌നാട് ഭാഗത്ത് ചോറ്റുപാറക്ക് സമീപം വേട്ടപ്പാറയിൽവെച്ച് ഒമ്പത് പേരടങ്ങിയ സംഘം തലച്ചുമടായി ചന്ദനത്തടികൾ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ചന്ദനത്തടികൾ ഉപേക്ഷിച്ച് സമീപത്തെ കൊക്കയിൽ ചാടി രക്ഷപ്പെട്ടു. ചന്ദനത്തടികളും രണ്ടു മൊബൈൽ ഫോൺ, വാക്കത്തി, വെട്ടുവാൾ എന്നിവ കണ്ടെടുത്തു. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതായി ചിന്നാർ െഡപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് കെ.ചന്ദ്രൻ പറഞ്ഞു. എസ്.എഫ്.ഒമാരായ എം.കെ. അനിൽകുമാർ, രാജീവ് രഘുനാഥ്, ലിേൻറാ തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.വി. അഖിൽ, അബ്ദുൽ മനാഫ്, നിതീഷ് ബാബു, ട്രൈബൽ വാച്ചർമാരായ പ്രവീൺ രാജ് തുടങ്ങിയവരുടെ സംഘമാണ് ചന്ദനത്തടികൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.