ഇനി മൂന്നാർ ചുറ്റിക്കറങ്ങാം; കെ.എസ്​.ആർ.ടി.സിയിൽ

* സൈറ്റ് സീയിങ് സർവിസ് നാളെ മുതൽ * കുറഞ്ഞ ചെലവിൽ മൂന്നാർ ചുറ്റിക്കറങ്ങാം തൊടുപുഴ: സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രക‍ൃതിമനോഹാരിത കുറഞ്ഞ ചെലവിൽ കാണാൻ ഇനി മുതൽ കെ.എസ്.ആർ.ടി.സിയുടെ സൈറ്റ് സീയിങ് സർവിസ്. സർവിസ്​ വെള്ളിയാഴ്​ച മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് പുതുവർഷ സമ്മാനമായാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നാർ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽനിന്ന്​ രാവിലെ ഒമ്പതിന്​ പുറപ്പെടുന്ന സർവിസ്​ ടോപ് സ്​റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയൻറ്​, മാട്ടുപെട്ടി, ഫ്ലോർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ടുപോയി തിരികെ മൂന്നാർ കെ.എസ്.ആർ.ടി.സി സ്​റ്റേഷനിൽ എത്തിക്കും. ഓരോ പോയൻറുകളിൽ ഒരു മണിക്കൂർവരെ ചെലവഴിക്കാൻ അവസരം നൽകും. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും. ഏകദേശം 80 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി മുതൽ മൂന്ന്​ ദിവസം മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പർ ബസുകളിൽ താമസിക്കുന്ന സഞ്ചാരികൾക്ക് യാത്ര സൗജന്യമായിരിക്കും. പദ്ധതി വിജയിക്കുന്ന മുറക്ക്​ കാന്തല്ലൂരിലും സർവിസ്​ ആരംഭിക്കാനാണ്​ അധികൃതരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.