സ്​ഥാനാർഥിയുടെ ജാതി തർക്കം: എൽ.ഡി.എഫ്​ വിട്ടുനിന്നു; അറക്കുളം പഞ്ചായത്തിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ മാറ്റി

തൊടുപുഴ: എൽ.ഡി.എഫ് വിട്ടുനിന്നതിനെ തുടർന്ന് അറക്കുളം പഞ്ചായത്തിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ് മാറ്റി. പട്ടികജാതി വിഭാഗത്തിന് പ്രസിഡൻറ്​ സ്ഥാനം സംവരണം ചെയ്​ത ഇവിടെ പട്ടികജാതി വിഭാഗത്തിൽനിന്ന്​ കോൺഗ്രസിലെ കെ.എസ്. വിനോദും എൽ.ഡി.എഫിൽനിന്ന്​ പി.എസ്​. സിന്ധുവും മാത്രമാണ് വിജയിച്ചത്. എൽ.ഡിഎഫിൽനിന്ന്​ വിജയിച്ച പി.എസ്. സിന്ധു പ്രസിഡൻറാകുമെന്നു കരുതിയിരുന്നെങ്കിലും സിന്ധുവി​ൻെറ ജാതി സർട്ടിഫിക്കറ്റ് അന്വേഷണ വിധേയമായി മരവിപ്പിച്ചതിനാൽ പ്രസിഡൻറ്​ ആകാനുള്ള യോഗ്യത ഇല്ലാതായി. സിന്ധു സി.എസ്‌.ഐ സഭയിലേക്ക് മതപരിവർത്തനം നടത്തിയ ആളായതിനാൽ ഇവരുടെ ജാതി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ഇമ്മാനുവൽ ഇടുക്കി തഹസിൽദാറിന് നൽകിയ പരാതിയിലാണ് സർട്ടിഫിക്കറ്റ് മരവിപ്പിച്ചത്. വ്യാഴാഴ്​ചയോടെ മരവിക്കൽ നടപടി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിൽ ഒരുദിവസം താമസിപ്പിക്കുന്നതിനാണ്​ 15അംഗ പഞ്ചായത്ത് കമ്മിറ്റിയിൽനിന്ന്​ ​ ഒമ്പത്​ എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതെന്നാണ്​ സൂചന. ക്വാറം തികയാത്തിനാൽ തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു റി​ട്ടേണിങ്​ ഓഫിസർ. വ്യാഴാഴ്​ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ക്വാറം തികഞ്ഞില്ലെങ്കിലും പ്രസിഡൻറിനെ തെരഞ്ഞെടുക്കും. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ നാല്​ അംഗങ്ങളും ഒരു ബി.ജെ.പി അംഗവും സ്വതന്ത്രയായി വിജയിച്ച ഉഷ ഗോപിനാഥുമാണ്​ ബുധനാഴ്​ച പങ്കെടുത്തത്​. ഉച്ചക്ക്​ രണ്ടിന്​ നടന്ന വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പങ്കെടുത്തു. എന്നാൽ, യു.ഡി.എഫ് അംഗങ്ങളും സ്വതന്ത്രയും കമ്മിറ്റിയിൽ ഒപ്പിട്ട് വോട്ടിങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഇതോടെ സി.പി.ഐയിലെ ഗീത തുളസീധരൻ വൈസ് പ്രസിഡൻറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.