'ഹൃദയം നിറയെ സ്വപ്ന'വുമായി പാടുകയാണ് ഭിന്നശേഷിക്കാരനായ യുവാവ്

നെടുങ്കണ്ടം: 'ഹൃദയംനിറയെ സ്വപ്നവുമായി' മുണ്ടിയെരുമയിലെ വാടകവീട്ടിലിരുന്ന് പാടുകയാണ് ഭിന്നശേഷിക്കാരനായ ഈ യുവാവ്. മനസ്സുനിറയെ സംഗീതമാണ് അതിലേറെ ജീവിത സ്വപ്നങ്ങളും. 'പാടാൻ ധാരാളം അവസരങ്ങളും വേദികളും ഉണ്ടാകണം. വയോധികയായ അമ്മയെ പൊന്നുപോലെ നോക്കാൻ വരുമാനമാർഗം കണ്ടെത്തണം. ഒപ്പം ഒരു കൊച്ചു വീട് പണിയണം'. സംഗീതം നല്ലൊരു ജീവിതം നൽകുമെന്ന പ്രതീക്ഷയിലാണ് മുണ്ടിയെരുമ പുതിയേടത്ത് പുത്തൻ വീട്ടിൽ ഗിരീഷ്. ചെറുപ്പ കാലത്ത് ഉണ്ടായ കുടുംബപ്രശ്നങ്ങളാണ് ഗിരീഷിൻെറ ജീവിതം മാറ്റിമറിച്ചത്. അഞ്ചാംവയസ്സിൽ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. നിരവധി പ്രതിസന്ധികൾ ഇതേതുടർന്ന്​ കുടുംബത്തിന് നേരിടേണ്ടിവന്നു. പാഠഭാഗങ്ങൾ ഓർത്തുവെക്കാൻ ഗിരീഷിന് സാധിക്കുമായിരുന്നില്ല. ഇക്കാരണത്താൽ പഠനത്തിൽ ശോഭിക്കാനായില്ല. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിച്ചിരുന്ന അധ്യാപകരാണ് ഗിരീഷിലെ പാട്ടുകാരനെ കണ്ടെത്തിയത്. നെടുങ്കണ്ടം ബി.ആർ.സിയുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ ഗിരീഷിന് പാടാൻ അവസരം ലഭിക്കാറുണ്ട്. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളിൽ പ്രത്യേക ക്ഷണിതാവായിരിക്കും. സംഗീതം തനിക്ക്​ അവസരങ്ങൾ നൽകുമെന്ന് ഇദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. വയോധികയായ മാതാവ് തൊഴിലുറപ്പ് ജോലിക്ക് പോകുന്നതാണ് കുടുംബത്തിൻെറ ഏകവരുമാനം. തുശ്ചമായ വരുമാനത്തിൽനിന്ന്​ വാടകനൽകണം. ഒപ്പം കുടുംബ ചെലവും മരുന്നും വാങ്ങണം. കഴിഞ്ഞ 20 വർഷത്തോളമായി വാടകവീടുകളിലാണ് ഗിരീഷും മാതാവ് ലതികയും കഴിയുന്നത്. നിരവധി തവണ, പഞ്ചായത്തിൽ വീടിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. രാമക്കൽമേട് ബാലൻപിള്ള സിറ്റിക്ക്​ സമീപം അൽപം ഭൂമി ഇവർക്കുണ്ടെങ്കിലും ഇത് വീട് നിർമിക്കുന്നതിന് അനുയോജ്യമല്ല. വഴിയോ വെള്ള സൗകര്യമോ ഇവിടില്ല. പാടാൻ അവസരങ്ങൾ ലഭിച്ചാൽ സ്വന്തമായൊരു വീടെന്ന സ്വപ്നം സാധ്യമാകുമെന്നാണ് ഗിരീഷിൻെറ പ്രതീക്ഷ. വയോധികയായ അമ്മയെ ജോലിക്ക് അയക്കാതെ പരിചരിക്കാനാവശ്യമായ വരുമാനം പാട്ട്​ നൽകുമെന്ന് യുവാവ് കരുതുന്നു. പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മികച്ച പിന്തുണയുമായി സുഹൃത്തുക്കൾ ഒപ്പമുണ്ട്. അവസരങ്ങൾ തന്നെ തേടിയെത്തുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ് ഗിരീഷ്. TDL GIRISH & MOTHER ഭിന്നശേഷിക്കാരനായ ഗായകൻ അമ്മയോടൊപ്പം വാടകവീട്ടിൽ പൊതു ശുചിമുറികൾ ഇല്ല; ഹൈറേഞ്ചിലെത്തുന്ന വിനോദസഞ്ചാരികൾ ദുരിതത്തിൽ അടിമാലി: പൊതു ശുചിമുറികൾ ഇല്ലാത്തത് വിനോദ സഞ്ചാരികളെയും മറ്റ് യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ ബോഡിമെട്ട് വരെയും അടിമാലി-കുമളി ദേശീയപാതയിൽ ഇടുക്കി വരെയും കല്ലാർകുട്ടി-പൂപ്പാറ സംസ്ഥാന പാതയിൽ രാജാക്കാട് വരെയുമാണ് പൊതു ശുചിമുറികൾ ഇല്ലാത്തത്. ഇക്കാരണത്താൽ സ്​ത്രീകൾ അടക്കം സഞ്ചാരികൾ ഏറെ വിഷമിക്കുകയാണ്​. സഞ്ചാരികളുടെ ഇടത്താവളവും വാണിജ്യ കേന്ദ്രവുമായ അടിമാലി പട്ടണത്തിൽപോലും സഞ്ചാരികൾക്ക് പൊതു ശുചിമുറികൾ ഒരുക്കിനൽകാൻ സർക്കാറിന് കഴിയാത്തത് പ്രതിഷേധത്തിന്​ ഇടയാക്കിയിട്ടുണ്ട്​. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വനവും കാർഷിക മേഖലയും തോട്ടം മേഖലയും ഉൾപ്പെടുന്ന 80 കിലോമീറ്റർ ദൂരത്തിൽ ഇപ്പോൾ ശൗച്യാലയങ്ങൾ ഇല്ല. സഞ്ചാരികളുടെ ഈ പ്രശ്നം മനസ്സിലാക്കിയ അടിമാലി റോട്ടറി ക്ലബ് ചീയപ്പാറ ജലാശയത്തിന് സമീപം റെസ്​റ്റ്​ റൂം സൗകര്യത്തോടെ ശൗചാലയം നിർമിച്ച് വനംവകുപ്പിന് കൈമാറിയതാണ് ഏക ആശ്രയം. എന്നാൽ, ഇതി​ൻെറ പ്രവർത്തനം ഭാഗീകമാണ്. രാവിലെ ഒമ്പതിന്​ തുറക്കുന്ന ഈ സ്ഥാപനം വൈകീട്ട്് അഞ്ചിന് അടക്കുന്നതിനാലാണിത്​. വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടുതലുള്ള അവധി ദിവസങ്ങളിൽ ഈ സ്ഥാപനവും അവധിയാണ്. ഇവിടെനിന്ന്​ നാല് കിലോമീറ്റർ മാറി പത്താംമൈൽ ടൗണിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് വിനോദസഞ്ചാരികൾക്കായി ശൗചാലയം നിർമിച്ചിട്ടുണ്ടെങ്കിലും ഇത് തുറന്നുനൽകിയിട്ടില്ല. നിർമാണത്തിലെ അപാകതയും വെള്ളമില്ലാത്ത പ്രശ്നവുമാണ് ഇത് തുറന്നുനൽകാൻ തടസ്സം. രണ്ടുമാസം മുമ്പ്​വെള്ളമില്ലാതെ ഉദ്ഘാടനം ചെയ്യാൻ നീക്കം നടന്നിരുന്നു. ഇത് നാട്ടുകാർ തടയുകയായിരുന്നു. അടിമാലി പഞ്ചായത്തിലെ രണ്ടാമത്തെ പട്ടണമായി വളർന്ന ഇരുമ്പുപാലത്തും പൊതു ശുചിമുറികൾ ഇല്ല. ഇതോടെ ചായക്കടകളെയും സമീപത്തെ വീടുകളെയുമാണ് ആശ്രയിക്കുന്നത്. ഹൈറേഞ്ചിലെ ജനങ്ങൾ ഏറ്റവുമധികം സഞ്ചരിക്കുതിനായി ആശ്രയിക്കുന്ന ദേശീയ പാതയാണ് കൊച്ചി-ധനുഷ്കോടി. തമിഴ്നാട്ടിലെ തേനിയെയും കൊച്ചിയെയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന പാതയാണ് ഇത്. ജില്ലയിൽ ഏറ്റവും തിരക്കേറിയ പാതകൂടിയാണ്. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള ഏക പാതയും. മേഖലയിലെ ഇരുമ്പുപാലം, പത്താംമൈൽ, മച്ചിപ്ലാവ്, കൂമ്പൻപാറ, ഇരുട്ടുകാനം, കല്ലാർ, രണ്ടാംമൈൽ, പള്ളിവാസൽ, കല്ലാർകുട്ടി, മുതുവാൻകുടി എന്നിവിടങ്ങളിലും അടിമാലി പട്ടണത്തിലും പൊതു ശൗച്യാലയങ്ങൾ തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാതയോരങ്ങളിൽ ഇ ടോയ്​ലറ്റുകളും വേണമെന്ന്​ ആവശ്യ​മുണ്ട്​. വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ള ദീർഘദൂര യാത്രികരടക്കമുള്ളവർ ആശ്രയിക്കുന്ന അടിമാലി ബസ്​സ്​റ്റാൻഡിൽ ആവശ്യത്തിന് സൗകര്യമില്ലാത്തത് ജനങ്ങളെ കുറച്ചൊന്നുമല്ല വലക്കുന്നത്. ബസ​സ്​റ്റാൻഡിന് പുറത്ത് അടിമാലി പട്ടണത്തിൽ ശൗചാലയം സ്​ഥാപിക്കുന്നതിന് ഒന്നര പതിറ്റാണ്ട് മുമ്പ് നടപടിയായെങ്കിലും പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു. അടിയന്തരമായി പ്രധാന കേന്ദ്രങ്ങളിൽ പൊതുശൗചാലയം സ്​ഥാപിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കർഷക സമരത്തിന് ഐക്യദാർഢ്യം പാമ്പനാർ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി ധർണ നടത്തി. പാമ്പനാർ പോസ്​റ്റ്​ ഓഫിസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡൻറ്​ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു. പി.എൻ. മോഹനൻ അധ്യക്ഷതവഹിച്ചു. കേരള സ്​റ്റേറ്റ് മൈഗ്രൻറ്​ വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി രഞ്ജിത് ശ്രീനി സ്വാഗതം പറഞ്ഞു. ജോസ് ഫിലിപ്, എം. ആൻറണി, എം.എം. ചന്ദ്രൻ എന്നിവർ ​സംസാരിച്ചു. ഹൈറേഞ്ച് എസ്​റ്റേറ്റ്സ് ലേബർ യൂനിയൻ ജോയൻറ്​ സെക്രട്ടറി അരുൺ പ്രസാദ് നന്ദിപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.