അമ്മ വായനയുമായി കണ്ണംപടി ട്രൈബൽ സ്കൂൾ

കട്ടപ്പന: ഉപ്പുതറ കണ്ണംപടി ട്രൈബൽ സ്കൂളിൽ വായന വാരാചാരണത്തിന്‍റെ ഭാഗമായി അമ്മവായന സംഘടിപ്പിച്ചു. കുട്ടികൾക്കൊപ്പം മാതാപിതാക്കളെയും വായനയുടെ ലോകത്തേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണംപടി സ്കൂൾ അധികൃതർ അമ്മവായന പരിപാടി ആവിഷ്കരിച്ചത്. ആദിവാസി മേഖലയായ കണ്ണംപടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വായന ലോകത്തെ അടുത്ത് പരിചയപ്പെടുത്തുകയാണ് സ്കൂൾ അധികൃതരും അധ്യാപകരും. ബഷീറിന്‍റെ ബാല്യകാല സഖി, ഒ. ചന്തുമേനോന്‍റെ ഇന്ദുലേഖ തുടങ്ങി പ്രമുഖമായ പല പുസ്തകങ്ങളും പരിപാടിയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്കൂൾ പുസ്തകശാലയിലേക്ക് സംഭാവനയായി ലഭിച്ച നൂറുകണക്കിന് പുസ്തകങ്ങളാണ് ഒരുക്കിയിട്ടുള്ളത്. താൽപര്യമുള്ള പുസ്തകങ്ങൾ വീടുകളിൽ കൊണ്ടുപോയി വായിച്ച ശേഷം തിരികെ ഏൽപിച്ചാൽ മതിയാകും. മാതാപിതാക്കൾ വായിക്കുന്നത് കണ്ട് മക്കളും വായനയുടെ ലോകത്തേക്ക് ചുവടുവെക്കുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. സ്കൂൾ അധികൃതരുടെ ഉദ്യമത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.