കട്ടപ്പന: വനം വകുപ്പിന്‍റെ സ്റ്റോപ് മെമ്മോയിൽ കുരുങ്ങി ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീടുകളുടെ നിർമാണം മുടങ്ങി. സംഭവത്തിൽ പ്രതിഷേധിച്ച് കർഷക അതിജീവന സംരക്ഷണ സമിതി കാഞ്ചിയാർ വനം വകുപ്പ് ഓഫിസിന് മുന്നിൽ 48 മണിക്കൂർ ധർണ തുടങ്ങി. കാഞ്ചിയാർ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട 19 വീടുകളുടെ നിർമാണമാണ് വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ മുടങ്ങിയത്. സംഭവത്തിൽ പ്രതിഷേധിച്ചാണ് കാഞ്ചിയാറ്റിലെ വനം വകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ഗുണഭോക്താക്കളായ ഒമ്പതോളം സ്ത്രീകളും പുരുഷൻമാരും 48 മണിക്കൂർ സമരം തുടങ്ങിയത്. ശനിയാഴ്ച രാവിലെ 11ന് പ്രകടനമായെത്തിയ സമരക്കാർ റേഞ്ച് ഓഫിസറുടെ കാര്യാലയ വളപ്പിലേക്ക് മുദ്രാവാക്യവുമായി കയറി. പ്രായമായ അമ്മമാർ വിങ്ങിപ്പൊട്ടിയാണ് തങ്ങളുടെ ദുരിതം ഉദ്യോഗസ്ഥർക്ക് മുന്നിൽ വിവരിച്ചത്. ഫോറസ്റ്റ് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യാൻ ഇവർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പ്രധാന ഗേറ്റിന് സമീപത്തേക്ക് മാറി പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്. കിടപ്പാടം തിരിച്ചു കിട്ടുന്നത് വരെ സമരം തുടരാനാണ് അതിജീവന സംരക്ഷണ സമിതി തീരുമാനം. അപേക്ഷ നൽകി ഒരു വർഷം പിന്നിട്ടിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ റവന്യൂ വകുപ്പുമായി സഹകരിച്ച് സ്ഥലം സന്ദർശിക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. കോവിൽമല, മുരിക്കാട്ടുകുടി പ്രദേശങ്ങൾ അടങ്ങുന്ന 1, 2, 16 വാർഡുകൾ തേക്ക് പ്ലാന്റേഷനാണെന്നാണ് വനം വകുപ്പിന്റെ രേഖകളിലുള്ളത്. എന്നാൽ, ഈ പ്രദേശം ജനവാസ മേഖലയാണെന്ന് കാട്ടി ഗ്രാമപഞ്ചായത്ത് വനം മന്ത്രിക്ക് ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിൽ ഇക്കോ ഡെവലപ്‌മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ വകുപ്പിലാണ് അന്തിമ തീരുമാനത്തിനായി ഫയൽ എത്തിയത്. കാഞ്ചിയാർ പഞ്ചായത്തിലെ ആദിവാസി സെറ്റിൽമെന്റ് ഉൾപ്പെടുന്ന കോവിൽമലയിലും മുരിക്കാട്ടുകുടിയിലുമായിട്ടാണ് 19 കുടുംബങ്ങൾ കഴിയുന്നത്. ഈ കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടനുവദിച്ചത് 2019 ൽ ആണ്. അന്നു തുടങ്ങിയ കാത്തിരിപ്പാണ് വനം വകുപ്പിന്റെ നടപടി മൂലം നീണ്ടുപോകുന്നത്. ഗുണഭോക്താക്കൾക്ക് പഞ്ചായത്തിൽനിന്ന് അനുവദിച്ച സ്ഥിരതാമസ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വീടിന് അനുമതി നൽകിയത്. ഭൂമി വനമേഖലയിലാണെങ്കിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ സാക്ഷ്യപത്രം ലഭ്യമാക്കാനും നിർദേശമുണ്ടായിരുന്നു. എന്നാൽ, പഞ്ചായത്തിന്റെ സ്ഥിരതാമസ സർട്ടിഫിക്കറ്റിൽ വനഭൂമിയാണെന്ന് പരാമർശിച്ചിരുന്നില്ല. ആദ്യ ഗഡുവായ 40,000 രൂപ ലഭിച്ചതോടെ കുടുംബങ്ങൾ ഉണ്ടായിരുന്ന വീടുകൾ പൊളിച്ച് അടിത്തറ നിർമിച്ചു. ഇതിന് ശേഷമാണ് ആദിവാസികൾക്ക് വനാവകാശ രേഖ പ്രകാരം പതിച്ച് നൽകിയ ഭൂമിയിലാണ് നിർമാണമെന്ന് കോട്ടയം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് പരാതി ലഭിച്ചത്. ഡി.എഫ്.ഒയുടെ നിർദേശത്തെ തുടർന്ന് അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഗുണഭോക്താക്കൾക്കും പഞ്ചായത്തിനും നിർമാണത്തിന് സ്റ്റോപ് മെമ്മോയും നൽകി. മൂന്ന് സെന്റ് ഭൂമി വീതമെങ്കിലും പതിച്ച് നൽകി മുടങ്ങിയ ഭവന നിർമാണം പുനഃസ്ഥാപിക്കുകയോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കുകയോ വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. പ്രശ്നപരിഹാരത്തിനായി ഇടുക്കി കലക്ടറേറ്റിൽ വനം - റവന്യൂ വകുപ്പിന്റെ യോഗം കലക്ടർ വിളിച്ചിരുന്നുവെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല. ഫോട്ടോ: സ്റ്റോപ് മെമ്മോ നൽകിയതിൽ നടപടി ആവശ്യപ്പെട്ട് ഗുണഭോക്താക്കൾ കാഞ്ചിയാർ വനം വകുപ്പ് ഓഫിസിന് മുന്നിൽ ധർണ നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.