ജില്ല വിദ്യാഭ്യാസ ഓഫിസുകളിൽ വിജിലൻസ് പരിശോധന

കട്ടപ്പന: ജില്ലയിലെ വിദ്യാഭ്യാസ ഓഫിസുകളിൽ മണിക്കൂറുകൾ നീണ്ട വിജിലൻസ് പരിശോധന. കട്ടപ്പനയിലെ ജില്ല വിദ്യാഭ്യാസ ഓഫിസിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്​. അധ്യാപക, അനധ്യാപക നിയമനത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ 'ഓപറേഷൻ ജ്യോതി' എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ പരിശോധനയുടെ ഭാഗമായായിരുന്നു നടപടി. വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഓഫിസുകളിൽനിന്ന്​ ഏതാനും ഫയലുകൾ പിടിച്ചെടുത്തു. ഇവ കൂടുതൽ പരിശോധനക്ക്​ വിധേയമാക്കിയെങ്കിൽ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് ഡിവൈ.എസ്.പി സന്തോഷ് കുമാർ പറഞ്ഞു. എയ്​ഡഡ് സ്കൂൾ അധ്യാപക നിയമനം, മാനേജ്മെന്റിന് നൽകുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ, നിയമനം ക്രമവത്കരിക്കൽ എന്നിവയ്ക്ക് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ 11ന്​ തുടങ്ങിയ പരിശോധന വൈകീട്ട്​ നാല്​ വരെ നീണ്ടു. കട്ടപ്പനക്ക്​ പുറമേ തൊടുപുഴ, അടിമാലി, അറക്കുളം എന്നിവിടങ്ങളിലെ ജില്ല വിദ്യാഭ്യാസ ഓഫിസുകളിലും വിജിലൻസ് സംഘം പരിശോധന നടത്തി. കട്ടപ്പനയിലെ ഓഫിസിൽ വിജിലൻസ്​ ഡിവൈ.എസ്​.പി ആർ. സന്തോഷ്​ കുമാർ, എസ്​.ഐ കെ.എൻ. ഷാജി, കെ.എൻ. സന്തോഷ്, കെ.ജി. സഞ്ജയ്​, സനൽ ചക്രപാണി എന്നിവരുടെ നേതൃത്വത്തിലും അറക്കുളത്ത്​ സി.ഐ ഫിറോസ്​, റഷീദ്​, ദാനിയേൽ എന്നിവരുടെ നേതൃത്വത്തിലും അടിമാലിയിൽ വിനോദ്​ സി. മഹേഷ്​, ഷിനോദ്​ എന്നിവരുടെ നേതൃത്വത്തിലുമാണ്​ പരിശോധന നടന്നത്​. ഫോട്ടോ: കട്ടപ്പന ജില്ല വിദ്യാഭ്യാസ ഓഫിസിൽ നടന്ന വിജിലൻസ് പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.