തെരുവിൽ പ്രതിഷേധം; ഏറ്റുമുട്ടൽ

തൊടുപുഴ: ഡി.സി.സി പ്രസിഡന്‍റ്​​ സി.പി. മാത്യുവിനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ്​ ചെയ്യാൻ വൈകുന്നുവെന്നാരോപിച്ച്​ കോൺഗ്രസ്​ നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയത്​ നഗരത്തെ സംഘർഷഭൂമിയാക്കി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ്​ പ്രതിഷേധം ആരംഭിച്ചത്​. മാർച്ചിനിടെ സംഘർഷ സാധ്യത മുന്നിൽ കണ്ട്​ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ്​ സ്​റ്റേഷ‍‍ൻെറ പ്രവേശന കവാടം തടഞ്ഞിരുന്നു. എന്നാല്‍, അമ്പലം ബൈപാസ്​ റോഡിലേക്ക് തിരിഞ്ഞ പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. പിന്നാലെ പാഞ്ഞെത്തിയ പൊലീസ്​ സംഘം ഇവരെ തടയാന്‍ ശ്രമിച്ചത്​ സംഘർഷത്തിനിടയാക്കി. പിന്നീട്​ പൊലീസെത്തി ലാത്തി വീശുകയായിരുന്നു.​ നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിച്ച്​ പ്രതിഷേധം തുടർന്നെങ്കിലും റോട്ടറി ജങ്ഷൻ ചുറ്റി പ്രസ് ക്ലബിന് സമീപമെത്തിയപ്പോള്‍ റോഡരികില്‍ നിന്ന സി.പി.എം കൊടിമരം പ്രവര്‍ത്തകര്‍ പിഴുത് മാറ്റി​. ഇത് കത്തിക്കാനുള്ള ശ്രമത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി. തുടർന്ന്​ ​പൊലീസ്​ ലാത്തി വീശുകയായിരുന്നു. ഇതിനിടെയാണ്​ യൂത്ത് കോൺഗ്രസ്​ ജില്ല സെക്രട്ടറിമാരായ ബിലാൽ സമദിനും എബി മുണ്ടയ്ക്കലിനും ​ പരിക്കേറ്റത്​. ബിലാൽ പൊലീസിനെ പ്രതിരോധിക്കുന്നതിനിടെ ലാത്തികൊണ്ട് അടിയേൽക്കുകയായിരുന്നു. ഇതിനിടെയാണ് കണ്ണ് തകർന്നത്. മുഖംപൊത്തി പിൻമാറാൻ ശ്രമിക്കുന്നതിനിടെ വീണ്ടും പൊലീസ്​ ലാത്തി​കൊണ്ട്​ അടിച്ചതായി പ്രവർത്തകർ പറഞ്ഞു. യൂത്ത്​ കോൺഗ്രസ്​ ​ബ്ലോക്ക്​ സെക്രട്ടറി ഷാനു ഖാനും കോൺഗ്രസ്​ ബ്ലോക്ക്​ സെക്രട്ടറി കെ.എ. ഷെഫീഖിനും അബ്​ദുൽ കരീമിനും ഇതിനിടെ പരിക്കേറ്റു. സഹപ്രവര്‍ത്തകർക്ക്​ പരിക്കേറ്റതോടെ പ്രവർത്തകർ കൂടുതൽ പ്രകോപിതരായി. കൊടികെട്ടിയ പൈപ്പുകളും മറ്റുമായി പ്രവര്‍ത്തകര്‍ പൊലീസിന്​ നേരെ തിരിഞ്ഞതോടെ സംഘർഷം നീണ്ടു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ്​ പ്രവർത്തകരെ പിന്തിരിപ്പിച്ചത്​. വീണ്ടും മാർച്ച്​ തുടർന്ന്​ പ്രവർത്തകർ ഒടുവിൽ ഗാന്ധിസ്ക്വയറിന് സമീപം സംഘടിക്കുകയും റോഡ് ഉപരോധിച്ചു്​ രണ്ട് മണിക്കൂറോളം സമരം നടത്തുകയും ചെയ്ത ശേഷമാണ്​ പിരിഞ്ഞത്​. ​ തിങ്കളാഴ്ച രാത്രി 8.30നാണ് ഡി.സി.സി പ്രസിഡന്‍റിനെ കാര്‍ തടഞ്ഞ് നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മുഖത്തും നെഞ്ചിലും പരിക്കേറ്റ സി.പി. മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി​. അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാത്രി പതിനൊന്നരവരെ തൊടുപുഴ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഉപരോധം നടത്തിയിരുന്നു. മുദ്രാവാക്യം വിളികളുമായി റോഡ്​ ഉപരോധിച്ചായിരുന്നു പ്രതിഷേധം. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ്​ തിങ്കളാഴ്ച രാത്രിയിലെ പ്രതിഷേധം സമാപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.