പുഴയിലെ തടസ്സം നീക്കി; കുട്ടികൾക്ക് കിട്ടി, വിശാലമായ കളിസ്ഥലം

മൂന്നാർ: സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ പുതിയ പദ്ധതി പൂർത്തിയായപ്പോൾ മൂന്നാറിലെ സ്കൂൾ കുട്ടികൾക്ക് ലഭിച്ചത് വിശാലമായ കളിസ്ഥലം. മൂന്നാർ പുഴകളുടെ ഗതിമാറ്റം തടയാൻ ജലവിഭവ വകുപ്പ് നടത്തിയ സ്മൂത്ത് ഫ്ലോ പദ്ധതിയിലാണ് ഈ നേട്ടം കൈവരിച്ചത്. പുഴകൾ മണ്ണ് നിറഞ്ഞും കൈയേറ്റം മൂലവും ചെറുതായതോടെ കരകവിഞ്ഞ് ഒഴുകുന്നത് പതിവായിരുന്നു. ഇതിന് പരിഹാരമായാണ് സ്മൂത്ത് ഫ്ലോ പദ്ധതി നടപ്പാക്കിയത്. ഇതോടെ പുഴയിൽനിന്ന്​ അധികമായ മണ്ണെടുത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്‍റെ പിൻഭാഗത്ത് നിറച്ചു. കാടുപിടിച്ചു കിടന്ന സ്ഥലം ഇതോടെ വിശാലമായ കളിസ്ഥലമായി. മൂന്നുതവണയായി പ്രളയങ്ങളിൽ മൂന്നാർ പട്ടണത്തിലെ പഴയ മൂന്നാർ പെരിയവര, ചോക്കാനാട് പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. വർധിച്ചതോതിൽ മലമുകളിൽനിന്ന്​ ഒഴുകിയെത്തുന്ന മഴവെള്ളം പുഴകളിൽ താങ്ങാതെ പുറത്തേക്കു കരകവിഞ്ഞൊഴുകുന്നതാണ്​ മൂന്നാർ പട്ടണത്തിലെ വെള്ളക്കെട്ടിന്​ കാരണമായിരുന്നത്. നല്ല വീതിയുണ്ടായിരുന്ന പുഴയുടെ തീരങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ മൂലം വീതികുറയാനും പുഴക്കുള്ളിൽ തിട്ടകളും മറ്റും രൂപപ്പെടാനും ഗതിമാറ്റത്തിനും കാരണമായിരുന്നു. ചിത്രം 1 സ്മൂത്ത് ഫ്ലോ പദ്ധതിയുടെ ഭാഗമായി പുഴയിൽനിന്ന് മണ്ണ് സ്കൂളിന്‍റെ പിൻഭാഗത്ത് നിറക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.