കളിചിരികളുമായി അംഗൻവാടികളിൽ കുരുന്നുകളെത്തി

ജില്ലയിലെ 1561 അംഗൻവാടികളിലും പ്രവേശനോത്സവം നടന്നു തൊടുപുഴ: കുരുന്നുകളുടെ കളിചിരികളും പാട്ടും കഥപറച്ചിലുമായി അംഗൻവാടികൾ വീണ്ടും ഉണർന്നു. പൂക്കളും ബലൂണുകളും മധുരവും സമ്മാനങ്ങളുമൊക്കെ നൽകിയാണ് അംഗൻവാടിയിൽ കുരുന്നുകളെ വരവേറ്റത്. കുട്ടികളെ ആകർഷിക്കാൻ ചിത്രങ്ങളും അവർക്കിഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും വരച്ച്​ ആകർഷകമാക്കിയിരുന്നു. പുത്തനുടുപ്പും ബാഗുമൊക്കെയായി രക്ഷിതാക്കളുടെ കൈപിടിച്ച് ആദ്യമായി എത്തിയ പലരുടെയും കണ്ണുകളിൽ കൗതുകമായിരുന്നു. ചിലരൊ​ക്കെ ഒന്ന്​ കരഞ്ഞു. എന്നാൽ, കളിപ്പാട്ടങ്ങളും മധുരവുമൊക്കെ കണ്ടപ്പോതോടെ കരച്ചിൽ മറഞ്ഞു. ജില്ലയിലെ 1561 അംഗൻവാടികളിലും പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷമാക്കി. വിളംബര ജാഥ, കലാപരിപാടികൾ, പായസവിതരണം എന്നിവയും പ്രവേശനോത്സവത്തിന്‍റെ ഭാഗമായി നടന്നു. മോണിറ്ററിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമാസം മുമ്പുതന്നെ ഒരുക്കം ആരംഭിച്ചിരുന്നു. അംഗൻവാടി പ്രവർത്തകരും എ.എൽ.എം.സി അംഗങ്ങളും വീടുകൾ കയറി അംഗൻവാടിയിലേക്ക്​ എത്തേണ്ട കുട്ടികളുടെ ലിസ്റ്റ് സർവേ നടത്തി തയാറാക്കുകയും രക്ഷിതാക്കൾക്ക്​ ബോധവത്​കരണം നൽകുകയും ചെയ്തിരുന്നു. ആഴ്ചകളായി തുടരുന്ന മഴ തടസ്സം സൃഷ്ടിച്ചെങ്കിലും ശുചീകരണം ഉൾപ്പെടെ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിയാണ് അംഗൻവാടികൾ തുറന്നത്. മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച്, കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന്​ അധികൃതർ പറഞ്ഞു. രാവിലെ 9.30 മുതൽ 3.30 വരെയാണ് പ്രവർത്തനം. കോവിഡ് മഹാമാരി ആരംഭിച്ചശേഷം കഴിഞ്ഞ ഫെബ്രുവരി 14 മുതലാണ് അംഗൻവാടികളിൽ കുട്ടികൾക്ക്​ പ്രവേശനം അനുവദിച്ചുതുടങ്ങിയത്. TDL THEKKUMBAGAM തെക്കുംഭാഗം അംഗൻവാടിയിൽ നടന്ന പ്രവേശന പ്രവേശനോത്സവം TDL IDAVETTY ഇടവെട്ടി പഞ്ചായത്തിലെ മാർത്തോമയിൽ നടന്ന പ്രവേശനോത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.