കാക്കനാട്: ലഹരി മാഫിയ കീഴടക്കുന്ന ഐ.ടി നഗരത്തിൽ നിരീക്ഷണ സ്ക്വാഡുകൾ രൂപവത്കരിക്കാൻ തൃക്കാക്കര നഗരസഭ. രാസലഹരി കച്ചവടവും ലഹരി ഉപയോഗിച്ച് ദിനംപ്രതി നടത്തുന്ന അക്രമവും ഐ.ടി നഗരത്തിന്റെ ഉറക്കം കെടുത്തുകയാണ്. സ്ത്രീപുരുഷ ഭേദമില്ലാതെയാണ് ഇവിടെ ലഹരിയുടെ ഉപയോഗം. കഞ്ചാവിനോടൊപ്പം ഒരിക്കൽ ഉപയോഗിച്ചാൽ മൂന്നുദിവസം കഴിഞ്ഞ് എഴുന്നേൽക്കുന്ന രാസലഹരി വരെ കാക്കനാട് രഹസ്യമായി വിൽക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരിയെത്തുന്നയിടമായി ഐ.ടി നഗരം മാറിക്കഴിഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ പിടികൂടിയ വിവിധ ലഹരിമരുന്ന് കേസുകളുടെ എണ്ണംമാത്രം മതി ഐ.ടി നഗരത്തിന്റെ ‘റേഞ്ച്’ മാറിയെന്ന് മനസ്സിലാക്കാൻ. എന്നാൽ, ലഹരിമരുന്നുകളുടെ ഒഴുക്ക് തടയാനുള്ള ശക്തമായ പരിശോധന സംവിധാനം ഒരുക്കുകയാണ് തൃക്കാക്കര നഗരസഭ. ഐ.ടി മേഖലയും അന്തർസംസ്ഥാന തൊഴിലാളി പ്രദേശങ്ങളും ഉൾപ്പെടെ ലഹരി വ്യാപനം തടയാൻ നിരീക്ഷണ സ്ക്വാഡുകൾ രൂപവത്കരിക്കാൻ കഴിഞ്ഞ നഗരസഭ കൗൺസിൽ തീരുമാനിച്ചു. പൊലീസിനെയും എക്സൈസിനെയും ഇതര അന്വേഷണ ഏജൻസികളെയും സഹായിക്കാനാകും വിധമുള്ള സ്ക്വാഡുകളാകും രൂപവത്കരിക്കുക. ഇതുമായി ബന്ധപ്പെട്ട് നഗരസഭ വിദ്യാഭ്യാസ-സാംസ്കാരിക സ്ഥിരംസമിതി രൂപംകൊടുത്ത മാർഗ നിർദേശങ്ങൾ നഗരസഭ കൗൺസിൽ അംഗീകരിച്ചു.
ഐ.ടി പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടർഫുകൾ, ജിംനേഷ്യം, അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, കച്ചവട കേന്ദ്രങ്ങൾ, രാത്രികാലങ്ങളിൽ സഞ്ചാരത്തിരക്കുള്ള മേഖലകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തും. പുതിയ അധ്യയന വർഷാരംഭം മുതൽ നഗരസഭ പരിധിയിലെ സ്കൂൾ, കോളജ് പരിസരങ്ങളിൽ നിരീക്ഷണം തുടങ്ങും. കൗൺസിലർമാരുടെ മേൽനോട്ടത്തിലാകും ഓരോ കേന്ദ്രങ്ങളിലേയും നിരീക്ഷണ സ്ക്വാഡുകളുടെ പ്രവർത്തനം. ഓരോ ഇടങ്ങളിലെയും അസ്വഭാവിക ആൾക്കൂട്ടങ്ങൾ പ്രത്യേകം നിരീക്ഷിക്കും. റെസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള സംഘടനകളുടെ സഹകരണവും ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ നൗഷാദ് പല്ലച്ചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.