എറണാകുളം പാലാരിവട്ടം സെൻറ് മാർട്ടിൻസ് പള്ളിക്കു സമീപത്തെ ഗതാഗതക്കുരുക്ക്
കൊച്ചി: നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ പൊലീസ് സർവ സന്നാഹങ്ങളും ഒരുക്കുമ്പോഴും തിരക്കേറിയ സമയങ്ങളിൽ പൊതുജനം പെരുവഴിയിൽ തന്നെ. െകാച്ചി നഗരം നേരിടുന്ന ഈ ഗുരുതര പ്രശ്നത്തിന് 'ഇൻസ്റ്റന്‍റ്' പരിഹാരങ്ങൾ ഒന്നുമില്ലെന്നതാണ് വസ്തുത. നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം അനന്തമായി നീളുമ്പോൾ ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചി നഗരത്തിൽ അടിയന്തിര ആവശ്യങ്ങൾക്കായി എത്തുന്നവരും ഈ കുരുക്കിൽ അകപ്പെടുകയാണ്.
പാലാരിവട്ടം സെന്‍റ് മാർട്ടിൻ പള്ളിയുടെ ഭാഗത്ത് ഇപ്പോൾ രൂപപ്പെട്ടിട്ടുള്ള കുരുക്ക് മെട്രോ രണ്ടാം ഘട്ട നിർമാണം ഇഴഞ്ഞു നീങ്ങുന്നതു മൂലമാണ്, ചേരാനെല്ലൂർ ഭാഗത്തെ കുരുക്ക് ദേശീയപാത നിർമാണം മൂലവും. ഇവ പൂർത്തിയാകുന്നതോടെ ഈ കുരുക്കുകൾക്ക് ശമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇടപ്പള്ളി, തേവര, വൈറ്റില, ബോൾഗാട്ടി, തിരുവാങ്കുളം, പള്ളിമുക്ക് തുടങ്ങിയ ഭാഗങ്ങളിലെ കുരുക്ക് അഴിക്കാൻ കുറുക്കുവഴികൾ ഇല്ല. അതിനായി ഒരു മാസ്റ്റർ പ്ലാൻ തന്നെ വേണ്ടിവരും.
മെട്രോയുടെയും ഹൈവേയുടെയും ജോലികൾക്കൊപ്പം കാലവർഷവും സ്കൂളുകൾ തുറന്നതുമാണ് നഗരയാത്ര പൊടുന്നനെ ദുരിതപൂർണമാക്കിയത്. തിരക്ക് കൂടി വാഹനങ്ങൾ കുടുങ്ങി കിടക്കുന്ന ജങ്ഷനുകളും പോയിന്‍റുകളും കണ്ടെത്തി കുരുക്ക് അഴിക്കാനാണ് സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ചേർന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം പ്രശ്നം വിലയിരുത്തുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കു പുറമെ പി.ഡബ്ല്യൂ.ഡി, വാട്ടർ അതോറിറ്റി, കൊച്ചി മെട്രോ, ദേശീയപാത അതോറിറ്റി, കൊച്ചി കോർപ്പറേഷൻ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇടപ്പള്ളിക്കും കാക്കനാടിനും പുറമെ തമ്മനം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എത്തുന്നത് പാലാരിവട്ടം സെന്‍റ് മാർട്ടിൻ പള്ളിക്ക് മുന്നിലെ ജങ്ഷനിലേക്കാണ്. തിരക്കുള്ള സമയങ്ങളിലെ വാഹന ബാഹുല്യം പരിഗണിച്ച് മഴ തുടങ്ങും മുമ്പ് ഇവിടെ നടക്കുന്ന മെട്രോ നിർമാണം പൂർത്തിയാക്കും വിധം നിർമാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമായിരുന്നു. എന്നാൽ അതുണ്ടായില്ല, എന്നു മാത്രമല്ല നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നതും. മഴ ആരംഭിച്ചതോടെ ഇവിടെ പണ്ട് മുതലുള്ള വെള്ളക്കെട്ട് കൂടി ചേർന്ന് കുരുക്ക് രൂക്ഷമാക്കുകയായിരുന്നു. മഴ ശക്തിപ്പെട്ട് ഇവിടെ മുൻകാലങ്ങളിലെ പോലെ കുഴികൾ രൂപപ്പെടുക കൂടി ചെയ്താൽ പ്രശ്നം അതീവ ഗുരുതരമായി മാറും.
ഈ ഭാഗത്തുള്ള യൂ ടേണും ഗതാഗത കുരുക്ക് അതീവ സങ്കീർണമാക്കുകയാണ്. കാക്കനാടുനിന്നും ഇടപ്പള്ളിയിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഒന്നാകെ സെന്‍റ് മാർട്ടിൻ പള്ളിക്ക് മുന്നിൽ ഒത്തുചേർന്ന് ഉടൻ എത്തുന്നത് യൂടേണിലേക്കാണ്. കാക്കനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നത് ഇവിടെയാണ്. ഈ ഭാഗത്ത് റോഡിന് ആവശ്യമായ വീതി ഇല്ലാത്തതിനാൽ കുരുക്ക് അതിരൂക്ഷമായി മാറുന്നു. ഈ യൂടേൺ എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ സുഗമമായ ഒഴുക്കും തടസ്സപ്പെടുത്തുന്നു.
ഈ യൂടേണിൽ നിന്ന് അൽപം കൂടി പിന്നിട്ടാണ് സൗത്ത് ജനതാ റോഡ് പ്രധാന റോഡിൽ വന്നു ചേരുന്നത്. മെട്രോ നിർമാണത്തിന്‍റെ ഭാഗമായി ഈ ഭാഗത്ത് റോഡിന്‍റെ വശങ്ങൾ കെട്ടിയടച്ചിരിക്കുന്നതിനാൽ ഇടറോഡിൽ നിന്ന് വാഹനങ്ങൾ പ്രധാന റോഡിലേക്ക് കടക്കുമ്പോഴും വാഹനങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുന്നു. അൽപം കൂടി കഴിഞ്ഞാൽ എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് സ്റ്റേഡിയം റോഡിലേക്ക് കടക്കാനുള്ള യൂടേണായി. ഇവിടെയും ആവശ്യമായ വീതി റോഡിനില്ലാത്തതിനാൽ വാഹന നീക്കം തടസ്സപ്പെടുന്നു. ഈ കുരുക്കുകൾ അഴിക്കാതെ പാലാരിവട്ടം ഭാഗത്ത് ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. കഴിഞ്ഞ ദിവസം മേയർ നേരിട്ടെത്തി ഇവിടം പരിശോധിച്ച് ഉടൻ പരിഹാരം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല.
കൊച്ചി നഗരത്തെ വീർപ്പുമുട്ടിക്കുന്നതിൽ സുപ്രധാന പങ്കുണ്ട് മുട്ടിന് മുട്ടിനുള്ള യൂ ടേണുകൾക്കും ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾക്കും. യൂ ടേണുകൾ തിരിയുന്ന ഭാഗങ്ങളിൽ ആവശ്യത്തിന് വീതിയില്ലാത്തത് സുഗമമായ ഗതാഗതത്തിന് തടസ്സമാണ്. യൂടേണുകളും ട്രാഫിക്ക് സിഗ്നലുകളും കുറച്ചാൽ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാണെന്ന് കളമശ്ശേരിയിൽ നടത്തിയ പരീക്ഷണം തെളിവുമാണ്. ഈ മാതൃക നഗരത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് യാത്രക്കാരുടെ ദുരിതം ഒരു പരിധിവരെ പരിഹരിക്കാനുള്ള ഇടക്കാല മാർഗം.
ആലുവ ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുമ്പോൾ ഇടപ്പള്ളി ടോൾ ജങ്ഷൻ മുതലാണ് കുരുക്ക് തുടങ്ങുന്നത്. ഈ കുരുക്കിന് പ്രധാന കാരണം വൈറ്റില ബൈപാസിലേക്ക് പോകാനുള്ള വാഹനങ്ങൾ വലതു വശം ചേർന്ന് വന്ന് പാലം തുടങ്ങുന്നതിന് മുമ്പ് ഇടത്തോട്ട് തിരിയുന്നതാണ്. ടോൾ മുതൽ ശാസ്ത്രീയമായി ഗതാഗതം നിയന്ത്രിച്ചാൽ ഈ കൂരുക്ക് പരിഹരിക്കാം. ഇടപ്പള്ളി പാലം ഇറങ്ങി ഉടൻ വലത്തേക്ക് യൂടേണാണ്. പാലത്തിന് താഴേക്കുള്ള വാഹനങ്ങൾ കൂടി എത്തുന്നതിനാൽ ഈ യൂടേൺ വലിയ കുരുക്കാണ് ഉണ്ടാക്കുന്നത്. ഏതാനും മീറ്റർ കൂടി പിന്നിടുന്നതോടെ വീണ്ടും ഒരു യൂടേണാണ്. അൽപം കൂടി മുന്നോട്ടു പോയാൽ ഏളമക്കര ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുന്ന ജങ്ഷനും. ആദ്യ രണ്ട് യൂടേണുകളും ഒഴിവാക്കിയാൽ വാഹനങ്ങളുടെ ഒഴുക്ക് സുഗമമാകും. കലൂരും തേവരയിലും പള്ളിമുക്കിലും വൈറ്റിലയിലും തിരുവാങ്കുളത്തും ട്രാഫിക്ക് സിഗ്നലുകളാണ് കുരുക്കിന് പ്രധാനമായും കാരണമാകുന്നത്. ഈ ജങ്ഷനുകളെല്ലാം വികസിപ്പിച്ച് ശാസ്ത്രീയമായ റൗണ്ട് എബൗട്ടുകൾ ഒരുക്കിയാലേ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകൂ. അതിന് കൊച്ചി നഗര വികസനം മുൻനിർത്തി ഒരു മാസ്റ്റർ പ്ലാൻ തയാറാക്കുക തന്നെ വേണം.
കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്‍റെ ഭാഗമായി മാസങ്ങളായി ഗതാഗതകുരുക്കിന്‍റെ പിടിയിലാണ് കാക്കനാടും പരിസരപ്രദേശങ്ങളും. പാലാരിവട്ടത്തുനിന്ന് സിവിൽലൈൻ ബൈപ്പാസിലൂടെയുള്ള പ്രധാന റോഡിന്‍റെ സിംഹഭാഗത്തും വാഹനങ്ങൾ കുരുക്കിൽ പെടുന്നത് പതിവാണ്. വാഴക്കാല, പടമുകൾ തുടങ്ങിയ പ്രദേശങ്ങളിൽ നേരത്തെ തന്നെ റോഡ് വീതി കുറവായിരുന്നു. മെട്രോ നിർമാണം ആരംഭിച്ചതോടെ ദുരിതം ദുസ്സഹമായി. കുന്നുംപുറത്തു നിന്നും കലക്ടറേറ്റ് സിഗ്നൽ ജങ്ഷനിലേക്കെത്തുന്ന ലിങ്ക് റോഡ് വൺ വേ ആക്കിയതോടെ കാക്കനാട് പുതിയ കുരുക്കിന്‍റെ കേന്ദ്രം രൂപപ്പെട്ടിട്ടുണ്ട്, ഒലിമുഗൾ ജങ്ഷൻ. സീപോർട്ട് എയർപോർട്ട് റോഡും സിവിൽ ലൈൻ റോഡും സംഗമിക്കുന്ന ഈ ജങ്ഷനിൽ മൂന്നു വശത്തേക്കും വാഹനങ്ങളുടെ നീണ്ട നിര കാണാം. ആലുവ ഭാഗത്തേക്ക് ഭാരത് മാത കോളജ് വരെയും എറണാകുളം ഭാഗത്തേക്ക് എൻ.ജി.ഒ ക്വാർട്ടേഴ്സ് വരെയുമൊക്കെ കുരുക്കു നീളുന്നതു കാണാം. ഇതിനൊപ്പം മെട്രോ പണി പുരോഗമിക്കുന്ന ചിറ്റേത്തുകര ഭാഗത്തും റോഡിന് വീതി കുറവുള്ള അത്താണി ഭാഗത്തുമെല്ലാം കുരുക്ക് മുറുകിത്തന്നെയാണ്.
നഗരത്തിലെ വാഹനക്കുരുക്കിന്‍റെ ചില മേഖലകളാണ് കതൃക്കടവ്, തമ്മനം, കടവന്ത്ര എന്നിവ. കൊച്ചി നഗരത്തിൽ നിന്ന് സിവിൽ ലൈൻ റോഡിലെ കുരുക്കിൽ നിന്നൊഴിവായി കാക്കനാടേക്കും വൈറ്റില, ബൈപ്പാസ്, പാലാരിവട്ടം എന്നിവിടങ്ങളിലേക്കുമെല്ലാമെത്താൻ ആളുകൾ പ്രധാനമായും ആശ്രയിക്കുന്ന പുല്ലേപ്പടി-തമ്മനം-ബൈപ്പാസ് റോഡിൽ കുരുക്ക് പതിവുകാഴ്ചയാണ്. കലൂരിൽ നിന്നും തമ്മനത്തു നിന്നും വാഹനങ്ങൾ ഒന്നിച്ചെത്തുമ്പോഴാണ് കതൃക്കടവ് ജങ്ഷൻ വാഹനബാഹുല്യത്താൽ വീർപ്പുമുട്ടുന്നത്. കൂടാതെ, ഈ റോഡിലെ കലുങ്കിന്‍റെ വീതിക്കുറവും വലിയ കുഴികളുമെല്ലാം വില്ലനാവുന്നു. തമ്മനത്തു നിന്ന് ബൈപ്പാസിലേക്കുള്ള റോഡിൽ ജല അതോറിറ്റിയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ തമ്മനം ജങ്ഷനും കുരുക്കിന്‍റെ പിടിയിലാണ്. ഈ റോഡിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.