ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് കുറുമശ്ശേരി റിക്രിയേഷൻ ഗ്രൗണ്ടിന്റെ കവാടവും സ്റ്റേഡിയം നടപ്പാതകളും താരങ്ങളുടെ ചിത്രങ്ങളാൽ അലങ്കരിച്ചപ്പോൾ
ലോകകപ്പ് ആഘോഷമാക്കാൻ കുറുമശ്ശേരിയിലെ കാൽപന്ത് പ്രേമികൾ
പാറക്കടവ്: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ മേഖലയിലെ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ കുറുമശ്ശേരി ഗ്രാമം ഒരുങ്ങി. കുറുമശ്ശേരി റിക്രിയേഷൻ ഗ്രൗണ്ടിന്റെ കവാടവും സ്റ്റേഡിയവും ലോകകപ്പ് മാമാങ്കത്തിന്റെ തനതായ പ്രതീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. താരങ്ങളുടെ കൂറ്റൻ ബോർഡുകളും പെയിൻറിങ്ങുകളും ഫുട്ബാൾ പ്രേമികളുടെ മനം കവരുന്ന കാഴ്ചകളാണ്.
അക്ഷര വായനശാല, ആഹാ കുറുമശ്ശേരി, പത്തരക്കൂട്ടം പുരുഷ സ്വയം സഹായ സംഘം, നവഭാരത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, യാനം വായനശാല, കെ.എസ്.യു കുറുമശ്ശേരി തുടങ്ങിയവയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. വ്യാഴാഴ്ച ഉച്ചക്ക് റിക്രിയേഷൻ ഗ്രൗണ്ടിൽനിന്ന് ലോകകപ്പ് വിളംബര റാലി ആരംഭിക്കും. വൈകിട്ട് കാർണിവലും അരങ്ങേറും. രാവിലെ ഏഴിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആശ രഘുനാഥ് പതാക ഉയർത്തും. ഉച്ചക്ക് 2.30ന് റോഡ് ഷോയിൽ ഫുട്ബോൾ ഫാൻസ് ടീമുകൾ പങ്കെടുക്കും. വനിതകളുടെയും കുട്ടികളുടെയും പ്രത്യേക ഫാൻസ് ടീമുകൾ നിശ്ചല ദൃശ്യങ്ങളുമായി അണിനിരക്കും. പ്രച്ഛന്ന വേഷങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രക്ക് മാറ്റ്കൂട്ടും. വൈകിട്ട് 6.30ന് റിക്രിയേഷൻ ഗ്രൗണ്ടിൽ ഫുട്ബോൾ കാർണിവൽ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആഘോഷങ്ങൾ ആരംഭിക്കും. കളി തുടങ്ങുന്ന വെള്ളിയാഴ്ച രാത്രി മുതൽ ഒളിമ്പിയ ക്ലബ് ഓഫിസിൽ ബിഗ് സ്ക്രീനിൽ കളി കാണാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.