കെട്ടിട നികുതി പിരിവ്​; വൻകിടക്കാരെ ഒഴിവാക്കി തൃക്കാക്കര നഗരസഭ

കാക്കനാട്: കെട്ടിട നികുതി കുടിശ്ശിക പിരിക്കുന്നതിൽ വന്‍കിടക്കാരെ ഒഴിവാക്കി തൃക്കാക്കര നഗരസഭ. ഐ.ടി നഗരമെന്നറിയപ്പെടുന്ന തൃക്കാക്കര നഗരസഭ പ്രദേശത്ത് വൻ കിട ഹോട്ടലുകൾ, ഐ.ടി പാർക്കുകൾ എന്നിവർ ഉൾപ്പടെ നിരവധി സ്ഥാപനങ്ങളുണ്ട്. എന്നാൽ ഈ സ്ഥാപനങ്ങളിൽ നിന്നും കെട്ടിട നികുതി 2194 കോടി രൂപ നഗരസഭക്ക് ലഭിക്കാനുള്ളതായി 2024 - 25 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്.

പ്രമുഖ കെട്ടിട നിർമ്മാതാക്കളായ ജൂൽഫർ ബിൽഡേഴ്സ് മുതൽ ഇൻഫോപാർക്ക് വരെയുള്ള സ്ഥാപനങ്ങളിൽ നിന്നും കോടികളാണ് ലഭിക്കാനുള്ളത്. എന്നാൽ ഇത് പിരിച്ചെടുക്കുന്നതിൽ ഭരണ സമിതിക്കോ - ഉദ്യോഗസ്ഥർക്കോ താൽപര്യമില്ല. തൃക്കാക്കരയിൽ റവന്യൂ കുടിശ്ശികയായ 23.99 കോടി രൂപ പിരിക്കാത്തതിനാൽ സർക്കാരിൽ നിന്നും പ്രതിവർഷം ലഭിക്കുന്ന 5.15 കോടി രൂപയുടെ ഗ്രാൻഡ് നഷ്ടപ്പെടുത്തിയതായും ഓഡിറ്റ് വിഭാഗം കണ്ടെത്തി. കൂടാതെ സർക്കാർ അനുവദിച്ച വിവിധ ഗ്രാന്റുകളും പദ്ധതി വിഹിതങ്ങളും സമയബന്ധിതമായി വിനിയോഗിക്കാത്തതിനെ തുടർന്ന് തൃക്കാക്കര നഗരസഭയ്ക്ക് 3.15 കോടി രൂപയുടെ വികസന ഫണ്ടുകൾ നഷ്ടമായി. പൊതുപണം കൈകാര്യം ചെയ്തതിലെ വീഴ്ചകളും ചട്ടലംഘനങ്ങളും ഉൾപ്പെടെ നിരവധി ഗുരുതര ക്രമക്കേടുകളാണ് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ശുചിത്വ മിഷൻ ഗ്രാന്റായി ലഭിച്ച 11.50 ലക്ഷം രൂപയും സ്പെഷ്യൽ ഗ്രാന്റിലെ 98,497 രൂപയും ഉൾപ്പെടെ 12.49 ലക്ഷം രൂപ ചെലവഴിക്കാതെ കിടന്നതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണത്തിനായി അനുവദിച്ച 9.36 ലക്ഷം രൂപയും വിനിയോഗിക്കപ്പെട്ടില്ല. മുൻവർഷങ്ങളിൽ ലഭിച്ച തുകകളും ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി അനുവദിച്ച 3.15 കോടി രൂപ ചെലവഴിക്കാതിരുന്നതാണ് ഓഡിറ്റിൽ കണ്ടെത്തിയത്. നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവർത്തനത്തിനായി ഓപറേറ്ററെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നഗരസഭകളിൽ ഇത്തരമൊരു തസ്തിക നിലവിലില്ലാത്ത സാഹചര്യത്തിൽ പ്രതിദിനം 675 രൂപ വേതന നിരക്കിൽ 2024-25 സാമ്പത്തിക വർഷത്തിൽ ജീവനക്കാരനെ നിയമിച്ച് വേതനം നൽകിയതിനെതിരെ ഓഡിറ്റ് വിഭാഗം വിമർശനം ഉന്നയിച്ചു. നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കരാറുകാർക്ക് ചട്ടവിരുദ്ധമായി മുൻകൂർ പണം നൽകിയതായും 13.50 ലക്ഷം രൂപയുടെ ചെലവിന്റെ കൃത്യമായ കണക്കുകൾ ലഭ്യമാക്കിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. കരാറുകാർക്ക് മുൻകൂർ തുക അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച രാവിലെ 10.30ന് സ്പെഷൽ കൗൺസിൽ യോഗം ചേരും.

Tags:    
News Summary - Building tax collection: Thrikkakara Municipality exempts big business owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.