ഇരുകൈയും വിട്ട് ബസ് ഓടിച്ചു; ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കി

ആലുവ: അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തു. ബിബിനയെന്ന മാധ്യമപ്രവർത്തകയാണ് അപകടകരമായ ഡ്രൈവിങ് വിഡിയോയിൽ പകർത്തിയത്. ഇത് സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് നടപടിയുണ്ടായത്. വിഡിയോ കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമീഷണർ ആലുവ ജോയന്‍റ് ആർ.ടി.ഒ സലിം വിജയകുമാറിന് നടപടികൾക്കായി കൈമാറിയിരുന്നു.

ഇതി‍െൻറ അടിസ്ഥാനത്തിൽ ആലുവയിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ജസ്റ്റിൻ, രാജേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഫോർട്ട്കൊച്ചിയിൽനിന്ന് ആലുവയിലേക്ക് യാത്ര ചെയ്ത 'സിംല' ബസിൽനിന്നുള്ളതായിരുന്നു ദൃശ്യം. ഡ്രൈവർ രാഹുൽ ബാബുവി‍െൻറ ലൈസൻസാണ് താൽകാലികമായി റദ്ദാക്കിയത്. ട്രിപ്പിനിടയിൽ ഇടപ്പള്ളി ഭാഗത്തുവെച്ചാണ് ബസിൽ യാത്ര ചെയ്തിരുന്ന മാധ്യമപ്രവർത്തക വിഡിയോ പകർത്തിയത്.

ദൃശ്യത്തിൽ ഡ്രൈവർ ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയും മൊബൈലിൽ ടൈപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതേസമയത്തുതന്നെ മറു കൈയുപയോഗിച്ച് വാട്ടർബോട്ടിലിൽനിന്നും വെള്ളം കുടിക്കുന്നതും കാണാം. രണ്ട് കൈയും വിട്ട് ഓടിക്കുന്നതിനിടയിൽ ബസ് ഗട്ടറിൽ വീഴുന്നതായും അനുഭവപ്പെടുന്നുണ്ട്. 

കൂടുതൽ ചാർജ് ഈടാക്കിയ ബസുകൾക്കെതിരെ നടപടി

കാക്കനാട്: ബസ് ചാർജിനെ സംബന്ധിച്ച തർക്കത്തിൽ നിരവധി ബസുകൾക്കെതിരെ നടപടിക്കൊടുങ്ങി മോട്ടോർ വാഹന വകുപ്പ്. കൂടുതൽ തുക ഈടാക്കിയതിനാണ് ബസുകൾക്കെതിരെ നടപടി സ്വീകരിക്കുക. പെർമിറ്റ് ലംഘനം നടത്തി എന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.

ഇടപ്പള്ളി ഹൈസ്കൂൾ ബസ് സ്റ്റോപ്പിൽനിന്ന് എറണാകുളം ജെട്ടി ഭാഗത്തേക്ക് പോകുന്ന യാത്രക്കാരും ബസ് തൊഴിലാളികളും തമ്മിൽ ബസ്ചാർജിനെ ചൊല്ലി തർക്കമുണ്ടാകുന്നത് പതിവാണ്. പുതിയ നിരക്ക് പ്രകാരം മേനക ബസ് സ്റ്റോപ് വരെ 13 രൂപയാണ് ഈടാക്കുന്നത്. അടുത്ത ഫെയർ സ്റ്റേജായ എറണാകുളം സൗത്തിലേക്ക് 15 രൂപയാണ് നിരക്ക്. എന്നാൽ, മേനകയിൽനിന്ന് അര കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള ജെട്ടിയിലേക്കും ചിലബസുകൾ 15 രൂപ തന്നെ ഈടാക്കുന്നുണ്ടായിരുന്നു.

പണ്ടു മുതൽ ഇതു സംബന്ധിച്ച് പരാതികൾ ഉണ്ടായിരുന്നതിനാൽ മോട്ടോർ വാഹന വകുപ്പ് യോഗം ചേർന്ന് രണ്ട് സ്റ്റോപ്പുകളെയും ഒന്നായി കാണാനും ഒരേ നിരക്ക് ഈടാക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ, ബസ് ചാർജ് നിരക്ക് വർധനക്ക് ശേഷം ചില ബസുകൾ സൗത്ത് വരെയുള്ള തുക വാങ്ങുന്ന സാഹചര്യമായിരുന്നു. ഇതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പിനും പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി ബസുകൾ കൂടുതൽ തുക ഈടാക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടിക്കൊരുങ്ങുന്നത്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags:    
News Summary - The bus drove off without both hands; The license was revoked for three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.