സ്വീവേജ് പ്ലാൻറ്​ നിർമാണം: സി.പി.എം പ്രതിരോധത്തിൽ

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിലെ ജനവാസ കേന്ദ്രത്തിൽ സ്വീവേജ് പ്ലാൻറ്​ നിർമാണവുമായി സി.എസ്.എം.എൽ മുന്നോട്ട് പോകുമ്പോൾ പ്രതിരോധത്തിലായി സി.പി.എം. സംസ്ഥാന ഭരണവും നഗരസഭ ഭരണവും സി.പി.എം നേതൃത്വത്തിലുള്ള ഇടത് മുന്നണിക്കാണെന്നിരിക്കെ വിഷയത്തിൽ ഘടക കക്ഷികളും ജനകീയ പ്രതിഷേധത്തിന് മുന്നിൽ എന്ത് മറുപടി പറയണമെന്നറിയാതെ കുഴയുകയാണ്. 2019 മേയ് മാസം 13നാണ് സി.എസ്.എം.എല്ലിന് സ്ഥലം വിട്ടുകൊടുക്കാൻ കൗൺസിലിൽ തീരുമാനമായത്.

അന്ന് ഭരണത്തിൽ യു.ഡി.എഫ് ആയിരുന്നു. എന്നാൽ, യു.ഡി.എഫിലെ പ്രബല കക്ഷികളായ കോൺഗ്രസും മുസ്​ലിം ലീഗും പ്രത്യക്ഷത്തിൽ തന്നെ സമരവുമായി രംഗത്തുണ്ട്. പൗരസമിതിയടക്കം നടത്തിയ പ്രതിഷേധ സമരങ്ങളിൽ നോട്ടീസിൽ പേരു വെച്ചിട്ടും നഗരസഭ പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ പങ്കെടുക്കാതെ മാറി നിൽക്കുന്നത്​ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

കെ.ജെ. മാക്സി എം.എൽ.എ മൗനം പാലിക്കുന്നതും ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്. ഇതിനിടെ പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ കൗൺസിലറും നഗരസഭ ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടി.കെ. അഷറഫ് പദ്ധതിക്കെതിരെ രംഗത്തുവന്നത് നഗരസഭ ഭരിക്കുന്ന എൽ.ഡി.എഫിനെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്.

നഗരസഭയുടെ ഭാഗമായ ഒരു സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തന്നെ പദ്ധതിക്ക് നഗരസഭ നിർമാണ അനുമതി നൽകിയിട്ടില്ലെന്ന് കാണിച്ച് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്.

നഗരസഭയിലെ മറ്റൊരു സ്​റ്റാൻഡിങ് കമ്മിറ്റിയുടെ ചുമതലയുള്ള ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ ജെ.സനൽമോനും പദ്ധതി ജനവാസ കേന്ദ്രത്തിൽ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്തിരുന്നു. ഇതും എൽ.ഡി.എഫിനെ കുഴക്കുന്നുണ്ട്.

സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചിരിക്കെ സമ്മേളനങ്ങളിൽ ഈ വിഷയം ചർച്ചക്ക് വരുന്നതായാണ് വിവരം. അപ്പോഴെല്ലാം നേതൃത്വം വിഷയത്തെ ലഘൂകരിക്കുകയാണെന്നാണ് സൂചന. ചില പ്രാദേശിക പ്രവർത്തകരെയും, ഓൺലൈൻ മാധ്യമപ്രവർത്തകരെയും ഉപയോഗിച്ച് നവ മാധ്യമങ്ങളിലൂടെ പദ്ധതിയെ സംബന്ധിച്ച് ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വിലപ്പോകാത്ത സാഹചര്യമാണ്. നേരത്തേ സ്വീവേജ് പ്ലാൻറ്​ നിർമാണം ആരംഭിക്കാൻ നീക്കം നടത്തിയപ്പോൾ വലിയ പ്രതിഷേധം ഉയർന്ന് വന്നിരുന്നു.

അവസാനം അന്നത്തെ സബ് കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പദ്ധതി മറ്റൊരു പ്രദേശത്ത് നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്ന ധാരണയിലാണ് പിരിഞ്ഞത്. ബി.ജെ.പിയാക​ട്ടെ ഞങ്ങളൊന്നുമറിഞ്ഞില്ല എന്ന മട്ടിലാണ്.

Tags:    
News Summary - Sewage plant construction: In CPM defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.