സ്ഥിരം കായികാധ്യാപകരില്ലാതെ വിദ്യാലയങ്ങൾ

കൊച്ചി: സംസ്ഥാന കായികമേളകളിൽ മുതൽ ദേശീയ-രാജ്യാന്തര മത്സരങ്ങളിൽവരെ ജില്ലയിലെ കുട്ടികൾ മികവ് പുലർത്തുമ്പോഴും സ്ഥിരംകായികാധ്യാപകരില്ലാതെ 305 വിദ്യാലയങ്ങൾ. ജില്ലയിലെ യു.പി, ഹൈസ്കൂളുകളുടെ മാത്രം കണക്കുകളാണിത്. ആരോഗ്യക്ഷമതയുള്ള പുതിയൊരു തലമുറയെ വാർത്തെടുക്കാൻ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണെന്നാണ് വിലയിരുത്തൽ.

എല്ലാ സ്കൂളുകളിലും കായികാധ്യാപകരെ നിയമിച്ച് കുട്ടികളെ വളർത്തിയെടുക്കാൻ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാന കായികമേളയിൽ ജില്ലയിലെ കുട്ടികൾ റെക്കോഡുകൾ തിരുത്തി മുന്നേറുന്നുണ്ട്. എന്നാൽ, ഇതിലേക്ക് കൂടുതൽ സ്കൂളുകളുടെയും വിദ്യാർഥികളുടെയും പ്രാതിനിധ്യം എത്തേണ്ടിയിരിക്കുന്നു.

പുതുക്കണം, വിദ്യാർഥി-അധ്യാപക അനുപാതം

കായികാധ്യാപക, വിദ്യാർഥി അനുപാതം കാലോചിതമായി പുതുക്കണമെന്നതാണ് പ്രധാനമായും അധ്യാപകരുടെയും ഉദ്യോഗാർഥികളുടെയും ആവശ്യം.

1969 കാലഘട്ടത്തിലെ അനുപാതമാണ് ഇപ്പോഴും നിലവിലുള്ളതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഉൾപ്പെടുന്നത് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളാണെങ്കിലും എട്ടിലെയും ഒമ്പതിലെയും മാത്രം പിരിയഡുകൾ കണക്കാക്കിയാണ് കായികാധ്യാപക തസ്തിക നിർണയിക്കുന്നത്. ഇത് ശരിയല്ലെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

എട്ട്, ഒൻപത് ക്ലാസുകളിൽ അഞ്ച് പിരിയഡുകൾ വേണമെന്നതാണ് ഇതിലെ നിലവിലുള്ള മാനദണ്ഡം. 500 വിദ്യാർഥികളുണ്ടെങ്കിൽ മാത്രമാണ് യു.പി വിഭാഗത്തിൽ കായികാധ്യാപക തസ്തിക അനുവദിക്കപ്പെടുന്നുള്ളൂ. എറണാകുളം ഉപജില്ലയിൽ രണ്ട് വിദ്യാലയങ്ങളിൽ മാത്രമേ കായികാധ്യാപക തസ്തികയുള്ളൂവെന്നും അവർ വ്യക്തമാക്കി.

പാഠ്യപദ്ധതിയുണ്ട്, പ്രവർത്തനം പലവഴി

അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ആരോഗ്യകായിക വിദ്യാഭ്യാസം എന്ന പേരിൽ ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമായി പഠനം നടത്താൻ പാഠ്യപദ്ധതിയുണ്ട്.

എന്നാൽ, ഇതിന്‍റെ പ്രവർത്തനം പലപ്പോഴും പേരിന് മാത്രമായി ചുരുങ്ങുകയാണെന്ന് മേഖലയിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. പരീക്ഷയും പ്രാക്ടിക്കലും നടത്തി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകേണ്ട വിഷയമാണിത്. കായികാധ്യാപകരില്ലാത്തതിനാൽ ഇതിന്‍റെ പരീക്ഷ മാത്രം പലപ്പോഴും പേരിന് നടക്കും. പഠനമേതും നടക്കുന്നുമില്ല.

ലഹരി തടയാൻ കായികമേഖലക്കാകും

സമൂഹത്തിൽ പടർന്നുപിടിക്കുന്ന ലഹരിയെന്ന വിപത്തിന് തടയിടാൻ കായിക മേഖലക്കാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിൽ കായികക്ഷമത പരിശോധനയിൽ വലിയതോതിൽ കുട്ടികൾ പുറത്താകുന്ന സാഹചര്യവുമുണ്ട്.

ഇക്കാര്യങ്ങളിലൊക്കെ മാറ്റം വരുത്താൻ കൃത്യമായ കായിക വിദ്യാഭ്യാസത്തിലൂടെ സാധിക്കും. അക്രമവാസന, ജീവിതശൈലീരോഗങ്ങൾ എന്നിവ തടയുന്നതിനും കായികപ്രവർത്തനങ്ങൾക്ക് കഴിയും. മുഴുവൻ സ്കൂളുകളിലും കായികാധ്യാപനം നടപ്പാക്കണമെന്നും അധ്യാപക-വിദ്യാർഥി അനുപാതം കാലോചിതമായി പരിഷ്കരിക്കണമെന്നും കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എ. റിബിൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Schools without permanent physical education teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.