പെരുമ്പാവൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വാഴക്കുളം പഞ്ചായത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലേക്ക്. സീറ്റു ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസും ഘടകക്ഷിയായ ലീഗും മുന്നണി സംവിധാനം വിട്ട് മത്സര രംഗത്തേക്കിറങ്ങുന്നത്. വാഴക്കുളം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് സൗത്ത്, നോര്‍ത്ത് മണ്ഡലം കമ്മിറ്റികളാണുള്ളത്. സൗത്ത് കമ്മിറ്റിയിലാണ് ലീഗുമായി സീറ്റ് തര്‍ക്കം.
ആവശ്യപ്പെട്ട മൂന്ന് സീറ്റുകള്‍ നല്കാന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തയ്യാറാകത്തതാണ് ലീഗിനെ ചൊടിപ്പിച്ചത്. വിജയ സാധ്യതയില്ലാത്ത നോര്‍ത്ത് മണ്ഡലത്തിലെ 10ംവാര്ഡ് കൊടുക്കാമെന്ന് പറഞ്ഞതും നീരസത്തിന് ഇടയാക്കി. ഇതോടെ 24 വാര്‍ഡുകളില്‍ 15ലും മത്സരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറെടുത്തു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതുള്പ്പടെ നടപടികളിലേക്ക് ലീഗ് നേതൃത്വം നീങ്ങിയെന്നാണ് വിവരം.
ചില സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 20 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തില്‍ നിലവില്‍ 24 വാര്‍ഡുകളായി. ആദ്യം മുതല്‍ ലീഗ് മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് കോണ്‍ഗ്രസ് നേതൃത്വം ചെവികൊണ്ടിരുന്നില്ല. ഇത്തവണ വാര്‍ഡുകള്‍ കൂടിയതോടെ 25 ശതമാനം വേണമെന്ന ഡിമാന്റ് ലീഗ് നേതൃത്വം മുന്നോട്ടുവച്ചു. ഇതു പ്രകാരം ആറ് സീറ്റുകള്‍ ലീഗിന് ലഭിക്കണം.
ലീഗ് സംഘടിപ്പിച്ച മുന്നൊരുക്ക ക്യാമ്പില്‍ ഈ ആവശ്യം പ്രവര്‍ത്തകര്‍ ശക്തമായി മുന്നോട്ട് വച്ചതോടെ നേതൃത്വം അത് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം പഴയ നിലപാടെടുത്തതോടെ രണ്ടും രണ്ട് വഴിക്കെന്ന സ്ഥിതിയായി. ഇതിനിടെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.എസ്.എഫ് നേതാക്കളെ ഈ വിഷയത്തില്‍ വെല്ലുവിളിച്ചതും പ്രശ്നം വഷളാക്കി. ലീഗ് നേതൃത്വം കോണ്‍ഗ്രസ് ജില്ല നേതൃത്വത്തെ പ്രശ്നം ധരിപ്പിച്ചെങ്കിലും ഇടപെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.