കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ വ​ള​പ്പി​ല്‍ അ​ന​ധി​കൃ​ത​മാ​യി പാ​ര്‍ക്ക് ചെ​യ്തി​രി​ക്കു​ന്ന ബ​സു​ക​ള്‍

ആരോട്​ പറയാൻ, ആരുകേൾക്കാൻ!... അപകടക്കെണിയൊരുക്കി ഡി​പ്പോ വ​ള​പ്പി​ല്‍ അനധികൃത ബസ് പാര്‍ക്കിങ്

പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോ വളപ്പില്‍ ബസുകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നതായി ആക്ഷേപം. ദീര്‍ഘദൂര ബസുകളില്‍ ഭൂരിഭാഗവും കവാടത്തില്‍ നിന്ന് കേറുന്ന വഴിക്ക് തന്നെ പാര്‍ക്ക് ചെയ്യുന്ന സ്ഥിതിയാണ്. ഒരേ സമയം ഒന്നിലധികം ബസുകള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. ഇത് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന മറ്റു ബസുകള്‍ക്കും യാത്രക്കാര്‍ക്കും തടസ്സമായി മാറുകയാണെന്നാണ് ആക്ഷേപം. അകത്തേക്ക് കയറുന്നതും ഇറങ്ങുന്നതുമായ വാഹനങ്ങള്‍ നിരയായി കിടക്കുന്നതു മൂലമുണ്ടാകുന്ന ഗതാഗത തടസ്സം പ്രധാന റോഡിലേക്കും ബാധിക്കുന്നുണ്ട്.

പുറകോട്ട് എടുക്കുന്ന ബസുകള്‍ യാത്രക്കാരുടെ ദേഹത്ത് മുട്ടി ചെറിയ അപകടങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കാഴ്ച മറക്കുന്നതാണ് ഇതിന് കാരണം. സ്റ്റാന്‍ഡിന്റെ മധ്യ ഭാഗത്ത് വൃത്താകൃതിയിലാണ് ഓഫിസും വിശ്രമ കേന്ദ്രവും ഉള്‍പ്പെടുന്ന കെട്ടിടം. സ്റ്റാന്‍ഡിലേക്ക് കയറുന്ന ബസുകള്‍ തെക്കുവശത്തേക്ക് പോയി കെട്ടിടത്തിന് ചുറ്റും വലംവെച്ച് പുറത്തേക്ക് പോകുന്ന തരത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ പല ബസുകളും മുന്‍വശത്തു തന്നെ തിരിച്ച് പോകുകയാണ്. മാസങ്ങളായി തുടരുന്ന ഇത്തരം ലംഘനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിന് മുന്നിലാണ് ഡ്രൈവര്‍മാര്‍ നിരതെറ്റിച്ച് ബസുകള്‍ അനധികൃത പാര്‍ക്കിങ് നടത്തുന്നത്. സെക്യൂരിക്കാരന്‍ ഇല്ലാത്തത് ഡ്രൈവര്‍മാരുടെ തന്നിഷ്ടത്തിന് അനുകൂല സാഹചര്യമാണ്. സ്റ്റാന്‍ഡിന്റെ കിഴക്ക്-വടക്ക് ഭാഗങ്ങളില്‍ പാര്‍ക്കിങിന് സ്ഥലമുണ്ടെങ്കിലും ദീര്‍ഘദൂര ബസുകള്‍ ഇത് അവഗണിക്കുന്ന സ്ഥിതിയാണ്. ടോയ്‌ലറ്റ് സൗകര്യങ്ങളും ഭക്ഷണ ശാലകളും അംഗീകൃത പാര്‍ക്കിങ് സ്ഥലങ്ങളിലാണുളളത്.

ദൂരെ ദിക്കില്‍ നിന്നുളളവര്‍ക്ക് ടോയ്‌ലറ്റും ഭക്ഷണശാലകളും കണ്ടുപിടിക്കാന്‍ ചുറ്റിക്കറങ്ങേണ്ട ഗതികേടാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ വളപ്പില്‍ ചുറ്റിത്തിരിയുന്നത് എളുപ്പമല്ലെന്നാണ് യാത്രക്കാരുടെ മുറുമുറുപ്പ്. ശബരിമല സീസണ്‍ ആരംഭിച്ചതോടെ സ്റ്റാന്‍ഡില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Tags:    
News Summary - Illegal bus parking in the depot area creates a dangerous trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.