ശിശുഭവനില്‍നിന്ന് എട്ടുവയസ്സുകാരി ഇറങ്ങിപ്പോയി; ക​െണ്ടത്തിയത് നാട്ടുകാരുടെ ഇടപെടലിൽ

പെരുമ്പാവൂര്‍: ശിശുഭവനില്‍നിന്ന് അധികൃതര്‍ അറിയാതെ പെണ്‍കുട്ടി ഇറങ്ങിപ്പോയത് ആശങ്കക്കിടയാക്കി. രായമംഗലം പഞ്ചായത്തിലെ ശിശുഭവനില്‍നിന്നാണ് എട്ടുവയസ്സുകാരി വ്യാഴാഴ്ച രാത്രി ഏഴോടെ ഇറങ്ങിപ്പോയത്.

അസമയത്ത് അലഞ്ഞുതിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ട് പഞ്ചായത്ത് മെംബര്‍ മിനി നാരായണന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ കുട്ടിയോട് സംസാരിച്ചപ്പോള്‍ തിരിച്ചറിയുകയായിരുന്നു. ഉടൻ കുറുപ്പംപടി പൊലീസിന് വിവരം നല്‍കി. കുട്ടി ആദ്യം പറഞ്ഞത്, വീട് മൂന്നാറിലാണെന്നും കറുത്ത കാറില്‍ ഒരു അങ്കിള്‍ ഇവിടെ ഇറക്കിവിട്ടെന്നുമാണ്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. കൂടുതല്‍ ചോദിച്ചപ്പോള്‍ ശിശുഭവനിലെ അന്തേവാസിയാണെന്ന് സമ്മതിച്ചു. പൊലീസ്

സ്ഥലത്തെത്തിയെങ്കിലും വനിത ഉദ്യോഗസ്ഥര്‍ ഇല്ലാത്തതുകൊണ്ട് നിസ്സഹായരായി. തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദീപ ജോയി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇതിനിടെ ശിശുഭവന്റെ ചുമതലക്കാരെന്ന് അവകാശപ്പെട്ട് രണ്ടുപേര്‍ സ്ഥലത്തെത്തി. നിരുത്തരവാദപരമായ രീതിയില്‍ സ്ഥാപനം നടത്തുന്നതിനെതിരെ നാട്ടുകാര്‍ പ്രതികരിച്ചത് വാക്തര്‍ക്കത്തിനിടയായി. ശിശുഭവനില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടതോടെ രംഗം കൂടുതല്‍ വഷളായി. അസുഖത്തെതുടര്‍ന്ന് കുട്ടിയെ താമസിച്ചിരുന്ന മുറിയില്‍നിന്ന് മാറ്റിയതുമൂലം കൂട്ടുകാരില്‍നിന്ന് ഒറ്റപ്പെട്ടുപോയ മനോവിഷമത്തില്‍ കുട്ടി ഇറങ്ങിപ്പോയതാകാമെന്നാണ് അധികൃതരുടെ നിഗമനം.

കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം ശിശുഭവനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ സന്നദ്ധത അറിയിച്ചിരുന്നു. കുട്ടി അമ്മയെ കാണാന്‍ ഇറങ്ങിത്തിരിച്ചതാണോ എന്നും സംശയിക്കുന്നു.

ഒടുവില്‍ പൊലീസ് ഡ്യൂട്ടി കഴിഞ്ഞുപോയ വനിത ഉദ്യോഗസ്ഥയെ തിരിച്ചുവിളിച്ച് കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Tags:    
News Summary - An eight-year-old girl leaves the orphanage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.