കൊച്ചി: പൊലീസ് നടപ്പാക്കുന്ന ലഹരിവേട്ടയായ ‘ഓപ്പറേഷൻ തൂഫാന്’ ഒപ്പം ലഹരി വേട്ടയുമായി എക്സൈസ് വകുപ്പും. എക്സൈസ് ആസൂത്രണം ചെയ്ത ‘ഓപറേഷൻ തണ്ടർ’ അനുസരിച്ച് ജില്ലയിൽ എക്സൈസ് വകുപ്പ് ലഹരി സംഘങ്ങളെ കണ്ടെത്താൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ സതീഷ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 5.45ന് അങ്കമാലി കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് അങ്കമാലി എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയ 16.307 കിലോ കഞ്ചാവ് ഒഡിഷയിൽ നിന്ന് കടത്തികൊണ്ട് വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പിന്നിലെ പ്രധാന കക്ഷികളെ കണ്ടെത്തുന്നതിനുള്ള ശ്രമം എക്സൈസ് ഊർജിതമാക്കിയിട്ടുണ്ട്. ഒഡിഷയിലെ കലഹന്ദിയിൽ നിന്നാണ് ഇത് കൊണ്ടുവന്നത്.
പിടിയിലായവർ വെറും കാരിയർമാർ മാത്രമാണ്. ഇവിടെ എത്തിച്ച് ഏജന്റുമാർക്ക് കൈമാറുന്നതിന് അവർ ഒരാൾക്ക് 30,000 രൂപയാണ് ഓഫർ ചെയ്തിരുന്നത്. അതിന്റെ പിന്നിലുള്ളവരെ കുറിച്ച് പിടിയിലായവർക്കും വ്യക്തമായ അറിവില്ല. ഇവരുടെ മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന നിർദേശം അനുസരിച്ചാണ് ഇവർ പ്രവർത്തിച്ചതെന്ന് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. സന്ദേശങ്ങൾ നൽകിയിരുന്ന മൊബൈൽ ഫോൺ നമ്പർ ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച്വരികയാണ്. മുതുകിൽ തൂക്കിയിടുന്ന തരം 11 ബാഗുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. 58 പൊതികളാക്കിയാണ് കഞ്ചാവ് ബാഗുകളിൽ നിറച്ചിരുന്നത്. ഒരു സംഘം എറണാകുളം ജില്ലയിലേക്ക് കഞ്ചാവുമായി എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. അതനുസരിച്ച് ജില്ലയിലുടനീളം എക്സൈസ് ജാഗരൂകരായിരുന്നു. കഴിഞ്ഞ കുറെ രാത്രികളിലായി അങ്കമാലി കേന്ദ്രീകരിച്ച് കർശന പരിശോധനകൾ നടത്തിവരികയായിരുന്നു. അതിനിടയിലാണ് സംഘം പിടിയിലായത്. ഇവർ ട്രെയിനിൽ വന്നതാണോ എന്ന് വ്യക്തമായിട്ടില്ല.
അവരിൽ നിന്ന് ട്രെയിൻ ടിക്കറ്റുകളൊന്നും ലഭിച്ചില്ല. തൃശൂർ ഭാഗത്തു നിന്ന് ബസിൽ എത്തിയതാകാമെന്നാണ് സംശയിക്കുന്നത്. ഒഡിഷയിലെ റായ്ഗഡയിലുള്ളവരാണ് കഞ്ചാവ് ഇവിടേക്ക് കയറ്റിവിട്ടതെന്ന് സംശയിക്കുന്നുണ്ട്. അവിടം കഞ്ചാവ് കൃഷിക്ക് പ്രസിദ്ധിയാർജിച്ച സ്ഥലമാണ്. ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന മലയോAര മേഖലയാണിത്. ആന്ധ്രയിൽ നിന്നും ഇവിടേക്ക് കഞ്ചാവ് എത്തുന്നുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 10 സ്ഥലങ്ങളിൽ നിന്നാണ് ഇവിടേക്ക് കഞ്ചാവ് എത്തുന്നത്. ഇപ്പോൾ പിടികൂടിയ കഞ്ചാവിന്റെ പിന്നിലെ ശക്തികളെ കണ്ടെത്താൻ ഒഡിഷയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
പടിയിലായവർ നേരത്തെ കഞ്ചാവ് കടത്ത് കേസിൽ പിടിയിലായവരാണോ എന്നും പരിശോധിച്ച് വരികയാണ്. ഒന്നിലേറെ തവണ മയക്ക്മരുന്ന് കടത്തുന്നതിന് പിടിയിലായാൽ വധശിക്ഷയാണ് ലഭിക്കുക. അതിനാൽ അത്തരം വിവരങ്ങൾ പരമാവധി അവർ മറച്ചുവക്കും.
കൂടുതൽ അന്വേഷണത്തിലേ നേരത്തെയും കേസിൽ പ്രതിയായവരാണോ പിടിയിലായതെന്ന് വെളിപ്പെടുകയുള്ളൂ എന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. നിരോധിത പുകയില ഉൽപന്ന വിൽപനയും കടത്തും നടത്തിയതിന് 30.42 ലക്ഷം രൂപ പിഴ ഈടാക്കി. 144 കിലോ പുകയില ഉൽപന്നങ്ങൾ പടികൂടി.
കറുകുറ്റിയിൽ നിന്ന് പിടികൂടിയ കഞ്ചാവ് 24,000 പേർക്ക് ഉപയോഗിക്കാവുന്ന അളവിലുള്ളതാണെന്ന് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. അഞ്ച് ഗ്രാം വീതം പൊതികളാക്കിയാണ് കഞ്ചാവ് വിൽപന നടക്കുന്നത്. അതനുസരിച്ചായാൽ 16.307 കിലോ 24,000 പൊതികളാക്കാം. പൊതികളാക്കിയുള്ള വിൽപനയാണ് ജില്ലയിൽ കൂടുതലും നടക്കുന്നത്. 25 കിലോയോളം കഞ്ചാവ് വേണം ഒരു കിലോ ഹാഷിഷ് ഓയിൽ ഉണ്ടാക്കാൻ. ഒരാഴ്ച മുമ്പ് ആലുവക്കടുത്ത് ട്രെയിനിൽ നിന്ന് വലിച്ചെറിയുന്ന രീതിയിൽ എറിഞ്ഞ 12 കിലോ കഞ്ചാവ് പടിച്ചിരുന്നു.
കഞ്ചാവ് ചെടി പടികൂടി എന്ന് പറയുമ്പോൾ അത് മിക്കവരും വലിയ കാര്യമാക്കാറില്ല. ഒരു ചെടി പാകമായാൽ 1.5 മുതൽ 2.00 കിലോവരെ കഞ്ചാവ് ലഭിക്കും. അതിനാൽ ചെടി നിസ്സാരക്കാരനല്ല. ജില്ലയിൽ ജൂൺ ഒന്നു മുതൽ ഇതുവരെ പല വലിപ്പത്തിലുള്ള 61 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഇതിൽ മിക്കവയും കഞ്ചാവ് ഉപയോഗിക്കുന്നവർ വലിച്ചെറിയുന്ന അവശിഷ്ടങ്ങളിലെ വിത്തുകളിൽ നിന്ന് മുളച്ച് വരുന്നവയാണ്. ചിലവ നട്ടുവളർത്തിയവയുമാണ്. അഞ്ച് ഗ്രാമിന് 500 രൂപ നിരക്കിലാണ് കഞ്ചാവ് വിൽകുന്നത്. ഒരുചെടിയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ കഞ്ചാവാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.