മരട്: നഗരസഭയില്‍ നടന്ന 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിമാറ്റിയതിനെതിരെ നല്കിയ ഹരജിയില്‍ ഹൈകോടതി ഇടപെടല്‍. മരട് കേട്ടേഴത്തുംകടവ് റോഡ് വേട്ടാപറമ്പില്‍ വീട്ടില്‍ മാനുവല്‍ മാത്യൂസ്, മകന് പോള്‍ മാന്‍ ജോര്‍ജ് എന്നിവരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍നിന്നും അനധികൃതമായി വെട്ടിമാറ്റിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മരട് നഗരസഭയിലെ 14ാം ഡിവിഷനില്‍ വി ഫോര്‍ കൊച്ചിയുടെ സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ടായിരുന്ന മാനുവല്‍ മാത്യൂസിനെ സൂക്ഷ്മപരിശോധനയില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണത്താല്‍ പത്രിക തള്ളുകയും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കേണ്ടി വരികയും ചെയ്തിരുന്നു.
ഇതിനെതിരെ ഇരുവരും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അനധികൃതമായി പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി ഇടക്കാല ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കുള്ളില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. മരട് മുനിസിപ്പാലിറ്റി മുന്‍ സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. മരട് നഗരസഭ 21ാം വാര്‍ഡിലാണ് മാനുവല്‍ മാത്യൂസും കുടുംബവും താമസിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നതിനാലാണ് മത്സരരംഗത്തിറങ്ങിയത്. അതേസമയം, സൂക്ഷ്മപരിശോധന സമയത്ത് വോട്ടര്‍ പട്ടിക കരട് ലിസ്റ്റില്‍ പേരില്ലെന്ന് പറഞ്ഞ് പത്രിക തള്ളുകയായിരുന്നു.
ഈ സമയം ലിസ്റ്റില്‍നിന്നും പേര് വെട്ടിമാറ്റിയതായി വ്യക്തമായി. അതേസമയം, ഭാര്യയുടെ പേര് ലിസ്റ്റിലുണ്ടായിരുന്നു. പിന്നീട് 2022 ആഗസ്റ്റ് 29നാണ് വോട്ടര്‍പട്ടികയില്‍നിന്നും പേര് ഒഴിവാക്കിയത് പുനഃസ്ഥാപിച്ചതായി അറിയിച്ച് മുനിസിപ്പാലിറ്റിയില്‍നിന്നും കത്ത് വന്നത്. ഈ രേഖകളെല്ലാം വെച്ച് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് മത്സരിക്കാൻ അവസരം നല്‍കണമെന്ന് ഇദ്ദേഹം കോടതിയില്‍ ആവശ്യപ്പെടുകയും വിധി അനുകൂലമാവുകയും ചെയ്താല്‍ വീണ്ടും മരട് നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.