കടുംപിടി കൊടുംവളവിൽ റോഡിൽ സ്ഥിതിചെയ്യുന്ന കിണർ
മൂവാറ്റുപുഴ: ബി.എം.ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയായ കക്കടാശ്ശേരി - കാളിയാർ റോഡിലെ കടുംപിടി വളവിലെ പഞ്ചായത്ത് കിണർ അപകടക്കെണിയായി. 67.91 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയായ റോഡിൽ അപകടഭീഷണി ഉയർത്തിയാണ് കിണർ നിലകൊള്ളുന്നത്. നവീകരണം പൂർത്തിയായതോടെ തിരക്കേറിയ റോഡിലെ കൊടും വളവിലാണ് കിണർ സ്ഥിതിചെയ്യുന്നത്.
വീതിക്കുറവും കൊടുംവളവുമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കിണർ നീക്കണമെന്ന് റോഡ് നിർമാണം നടക്കുമ്പോൾതന്നെ ആവശ്യം ഉയർന്നെങ്കിലും പഞ്ചായത്ത് അധികൃതരോ പൊതുമരാമത്തുവകുപ്പോ തയാറായില്ല. റോഡ് നിർമാണം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോൾ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. വളവിൽ റോഡിനോട് വളരെ ചേർന്നാണ് കിണർ.
അപകടങ്ങൾ തുടർക്കഥയായതോടെ കിണറിന് സമീപം നാട്ടുകാർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിെച്ചങ്കിലും പരിഹാരമായില്ല. ഒടുവിൽ കിണറിന്റെ വൃത്തം കുറച്ച് ചെറുതാക്കി അപകട ഭീഷണി പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ കത്തുനൽകി.
നിലവിൽ ആറടിയോളം വൃത്തമുള്ള കിണറ്റിൽ മൂന്നടി വരുന്ന റിങ് ഇറക്കി വലുപ്പം കുറക്കുകയും സൈഡ് നന്നായി ഫില്ലിങ് നടത്തുകയും ചെയ്താൽ ഏറെ അപകടങ്ങൾ ഒഴിവാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കൊടും വളവിൽ റോഡിന് വീതിയും ലഭിക്കും. ആയവന ജങ്ഷനിലുള്ള കിണർ ഇതുപോലെ വലുപ്പം കുറച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.