മൂവാറ്റുപുഴ: നഗരത്തിലെ കൊച്ചങ്ങാടി കടവ് മാലിന്യ കേന്ദ്രമായി മാറി. കടവിലേക്ക് ഇറങ്ങുന്ന കൽപടവുകൾ മുഴുവൻ മണ്ണുവന്ന് മൂടി. മണപ്പുറത്തിന് പകരം മൺകൂനകൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിനുപുറമെ കടവിനോട്ചേർന്ന് മാലിന്യം തള്ളുന്നതും വ്യാപകമായി.നഗരത്തിലെ പ്രധാന കുളിക്കടവിനാണ് ഈ ഗതികേട്. ഒരുകാലത്ത് നൂറുകണക്കിനാളുകൾ ഉപയോഗിച്ചിരുന്ന കടവ് മാലിന്യം നിറഞ്ഞതോടെ ആരും വരാതായി. നഗരസഭ ഓഫിസിനുമുന്നിലാണ് കടവ്. എല്ലാ കൽപടവുകളിലും ചെളിയും മണ്ണും മൂടി ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മണപ്പുറമുണ്ടായിരുന്നിടത്ത് മുഴുവൻ മണ്ണും അടിഞ്ഞുനശിക്കുകയാണ്. ഒരുഭാഗം കാടുകയറിയതോടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണവിടം.
നൂറുകണക്കിനാളുകൾ കുളിക്കാനും നീന്തൽ പരിശീലനത്തിനുമൊക്കെ എത്തുന്ന മൂവാറ്റുപുഴയാറിലെ പ്രധാന കടവുകളൊക്കെ നാശത്തിന്റെ വക്കിലാണ്. കിഴക്കേക്കര കടവ്, തൊണ്ടിക്കടവ്, പേട്ടക്കടവ് തുടങ്ങിയവയുടെയും അവസ്ഥ ഭിന്നമല്ല.നേരത്തേ കടവുകൾ വർഷത്തിലൊരിക്കൽ കാടുവെട്ടി ചെളി നീക്കംചെയ്യുകയെങ്കിലും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നും നടക്കുന്നില്ല. പ്രതിഷേധം ഉയർന്നതോടെ ചന്തക്കടവ് കഴിഞ്ഞയാഴ്ച ശുചീകരിച്ചു. എന്നാൽ, കൊച്ചങ്ങാടി കടവിൽ വർഷങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ട്. കടവ് ഉപയോഗിക്കാതായതോടെ സമീപത്തെ താമസസ്ഥലങ്ങളിൽനിന്നടക്കം മാലിന്യം തള്ളുന്ന സ്ഥലമായി മാറി. ഇതിനുസമീപത്തായി നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.