പൈനാപ്പിൾ വിലയിടിവ് നഷ്ടം താങ്ങാനാവാതെ കർഷകർ

മൂവാറ്റുപുഴ: പൈനാപ്പിൾ വിലയിടിഞ്ഞ് കർഷകർ ദുരിതത്തിലായ സാഹചര്യത്തിൽ സർക്കാർ തലത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. പൈനാപ്പിൾ കേന്ദ്രമായ വാഴക്കുളത്ത് പൈനാപ്പിള്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിലും തോട്ടങ്ങളിലും ദിവസേനെ ടണ്‍കണക്കിന് പൈനാപ്പിളാണ് നശിക്കുന്നത്. കുറഞ്ഞവിലക്കൊപ്പം തോരാമഴയും പൈനാപ്പിള്‍ വില്‍പനയെ ഇക്കുറി കാര്യമായി ബാധിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ കേന്ദ്രങ്ങള്‍ വഴിയുള്ള പൈനാപ്പിള്‍ വാങ്ങല്‍ കാര്യമായി നടന്നില്ല. വാങ്ങിയതിന് നല്‍കുന്നതാകട്ടെ കുറഞ്ഞവിലയും.

ഇതോടെ തോട്ടങ്ങളില്‍ തന്നെ പൈനാപ്പിള്‍ കുഴിച്ചുമൂടുകയാണ് കര്‍ഷകർ. കർഷക പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാറെന്നും എം.എൽ.എ ആരോപിച്ചു. നിലവില്‍ 18,000 ഹെക്ടറിലാണ് സംസ്ഥാനത്ത് പൈനാപ്പിള്‍ കൃഷി നടക്കുന്നത്. 5000ത്തിനുമേല്‍ കര്‍ഷകര്‍ ഈ രംഗത്തുണ്ട്. പ്രതിവര്‍ഷം ആറ് ലക്ഷം ടണ്‍ പൈനാപ്പിളാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ 8-10 വര്‍ഷമായി വര്‍ഷം തോറും ശരാശരി 1500 കോടി രൂപ മതിക്കുന്ന പൈനാപ്പിളാണ് ഇങ്ങനെ ഉൽപാദിപ്പിക്കുന്നത്. ഒരു ഹെക്ടറിന് ഏതാണ്ട് ഏഴ് ലക്ഷം രൂപ ഉല്‍പാദനച്ചെലവ് വരും.

കിലോക്ക് 5 -10 രൂപ വിലയാണ് നിലവിൽ ലഭിക്കുന്നത്. വാങ്ങാനാരും എത്താതായതും അപ്രതീക്ഷിത മഴയും മൂലം ദുരിതത്തിലായ കർഷകന് സഹായകമായ നിലപാടുകൾ സർക്കാറുകൾ സ്വീകരിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വാഴക്കുളത്തെ വ്യാപാരികള്‍ പറയുന്നു. ഇപ്പോള്‍ പൈനാപ്പിള്‍ തോട്ടത്തില്‍ തനിയെ വിളഞ്ഞു പഴുക്കുന്ന സമയമാണ്.

Tags:    
News Summary - Farmers unable to bear the loss of pineapple prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.