കൊച്ചി: മിൽമ തിരുവനന്തപുരം യൂനിയൻ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് നടത്താൻ ഹൈകോടതി ഉത്തരവ്. കാലാവധി കഴിഞ്ഞിട്ടും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി തുടരുന്നത് ചോദ്യം ചെയ്ത് കല്ലട രമേശ്, കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട ക്ഷീരോൽപാദക സഹകരണ സംഘം എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പുതിയ മെംബർമാരെ എൻറോൾ ചെയ്യുന്നതും തെരഞ്ഞെടുപ്പ് തീരുമാനിച്ചശേഷം അംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാനൊരുങ്ങുന്നതും കോടതി ഉത്തരവു ലംഘിച്ച് ജീവനക്കാർക്ക് പ്രമോഷൻ നൽകുന്നതും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗത്വം നൽകുന്നവർക്ക് വോട്ടവകാശം ഉണ്ടാവില്ലെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. പാരിതോഷികങ്ങൾ അനുവദിക്കാനാകില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇത് നീട്ടിവെക്കണമെന്നും ഉത്തരവിൽ പറയുന്നു.
കോടതി ഉത്തരവ് ലംഘിച്ച് ജീവനക്കാർക്ക് പ്രമോഷൻ നൽകിയതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കെതിരെ കോടതിയലക്ഷ്യക്കേസുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു. തുടർന്ന് ഹരജി മേയ് 18ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.