അനധികൃത ഓട്ടോകൾക്ക് ബ്രേക്കിടാൻ പൊലീസ്
ആലുവ: അനധികൃതമായി നഗരത്തിൽ സർവിസ് നടത്തുന്ന ഓട്ടോകൾക്ക് മൂക്കുകയറിടാൻ പൊലീസ് തയ്യാറെടുക്കുന്നു. ആലുവ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫിസിൽ നടന്ന അംഗീകൃത ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കോഓഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് കർശന നടപടിക്ക് തീരുമാനമെടുത്തത്. ഓട്ടോ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു.
രാത്രി കാലങ്ങളിൽ സർവിസ് നടത്തുന്ന തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ചർച്ചയായി. നഗരത്തിൽ 32 ഓട്ടോ സ്റ്റാൻഡുകളിലായി 823 ഓട്ടോകളും മെട്രോ ഓട്ടോ സ്റ്റാൻഡിൽ 77 ഓട്ടോകളും ആണ് സർവിസ് നടത്തുന്നത്. ഇവർക്കെല്ലാം നിർദിഷ്ട രീതിയിൽ ബോണറ്റ് നമ്പർ കൊടുത്തിട്ടുണ്ട്. ബോണറ്റ് നമ്പർ കിട്ടിയിട്ടുള്ള ഓട്ടോകൾ മാത്രമേ ഓട്ടോ സ്റ്റാൻഡുകളിലും രാത്രി പഞ്ചിങിനും അനുവദിക്കുകയുള്ളൂ.
രാത്രി പത്ത് മണിക്കു മുമ്പായി ആലുവ പൊലീസ് സ്റ്റേഷനിൽ പഞ്ചിങ് നടത്തണം. നഗരത്തിൽ കറങ്ങിനടന്ന് ഓട്ടം പിടിക്കുന്ന ഓട്ടോകൾക്കെതിരെയും നടപടി കൈക്കൊള്ളും. റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രവർത്തിക്കുന്ന പ്രീപെയ്ഡ് കൗണ്ടർ സേവനം ഉപയോഗിച്ച് സർവിസ് നടത്തുന്ന ഓട്ടോകൾ മിനിമം ചാർജ്ജുള്ള ദൂരങ്ങളിലേക്ക് സർവിസ് നടത്തുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. അത്തരം ഓട്ടോകൾക്കെതിരെ നടപടി എടുക്കും.
യൂബർ ഓട്ടോകളും ടാക്സികളും നഗരത്തിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ദൂരസ്ഥലങ്ങളിൽ നിന്നും യൂബർ ടാക്സികൾ ആലുവ കേന്ദ്രീകരിച്ച് സർവിസ് നടത്തുന്നതായി പരാതിയുള്ളതിനാൽ അത്തരം വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും. ആലുവ സർക്കിൾ ഇൻസ്പെക്ർ പി.എം. ഷമീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോഓഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ കുഞ്ഞുമോൻ, കൺവീനർ പോളി ഫ്രാൻസിസ്, സെക്രട്ടറി ഹനീഫ ഞറളക്കാടൻ, തൊഴിലാളി നേതാക്കളായ ബാബു സുരേഷ്, അനി, മൻസൂർ, ജയപ്രകാശ്, സുരേഷ്, നജീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.