പന്ത്രണ്ടുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വയോധികന് എട്ട് വർഷം തടവ്
പറവൂർ: പന്ത്രണ്ടുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വയോധികനായ പ്രതിയെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം എട്ട് വർഷം കഠിന തടവിന് ശിക്ഷിച്ചു. തടവിന് പുറമേ 15,000 രൂപ പിഴയും അടയ്ക്കണം. പുത്തൻവേലിക്കര കോഴിത്തുരുത്ത് കളപ്പുര പറമ്പിൽ വീട്ടിൽ വിജയ(77)നെയാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്. 2021 ഒക്ടോബർ 18നാണ് കേസിനാസ്പദമായ സംഭവം. പുത്തൻ വേലിക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ പി.എ. സിന്ധു അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ പി.എം. ഹരിക്കുട്ടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം നടത്തുകയും, തുടർന്ന് അന്നത്തെ സബ് ഇൻസ്പെക്ടർ വിക്കി ജോസഫ് ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിക്കുകയും 12 രേഖകൾ തെളിവിൽ ഹാജരാക്കുകയും ചെയ്തു. പ്രതി പിഴത്തുക അടക്കാതിരുന്നാൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതക്ക് നൽകുന്നതിനും കോടതി പ്രത്യേക ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രവിത ഗിരീഷ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.