വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

ആലുവ: കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയിയെ (53) ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജൂനിയർ അസി. മാനേജറായി നിയമനം വാഗ്ദാനം ചെയ്ത് കോഴിക്കോട് താമരശ്ശേരി സ്വദേശി അരുൺകുമാറിൽനിന്ന് അഞ്ചുലക്ഷം രൂപ വാങ്ങി വ്യാജ നിയമന ഉത്തരവ് നൽകിയ സംഭവത്തിലാണ് അറസ്റ്റ്. അരുൺ വിമാനത്താവള അധികൃതരുമായി ബന്ധപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് അധികൃതർ പരാതി നൽകി. സമാന തട്ടിപ്പിൽ ജോയിക്കെതിരെ നെടുമ്പാശ്ശേരി, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലായി എട്ട് കേസുണ്ട്.

എയർപോർട്ടിൽ വേണ്ടപ്പെട്ട ആളുകൾ ഉണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗാർഥികളെ സമീപിക്കുന്നത്. സ്വകാര്യ ഹെൽത്ത് പ്രോഡക്ടിന്‍റെ നെറ്റ്വർക്ക് സെയിൽസിലാണ് ജോയി ജോലിചെയ്യുന്നത്. ഇതിന്റെ മറവിലാണ് ഉദ്യോഗാർഥികളെ കണ്ടെത്തുന്നതും തട്ടിപ്പ് നടത്തുന്നതും. കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവ്, എസ്.ഐമാരായ എൻ. സാബു, പി.സി. പ്രസാദ്, എ.എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒമാരായ കെ.എച്ച്. മുഹമ്മദാലി, ജോയി ചെറിയാൻ, ശരത്കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Man arrested for swindling lakhs by offering job at airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.