75ാമത് ഗാന്ധി സമാധി ദിനത്തിലും അവഗണനയിൽ നശിക്കുന്ന കൊച്ചിയുടെ സ്വാതന്ത്ര്യ സമര ചരിത്രതീരം
ഫോർട്ട്കൊച്ചി: 40 വർഷം മുമ്പ് നഗരസഭ നാമകരണം ചെയ്ത മഹാത്മാഗാന്ധി ബീച്ചിനെ ആ പേരിൽ ബോർഡുപോലും സ്ഥാപിക്കാതെ അവഗണിക്കുന്നെന്ന് ആക്ഷേപം. മഹാത്മാഗാന്ധിയുടെ 75ാം സ്മൃതി ദിനം കടന്നുപോകുമ്പോഴും അവഗണനയിലാണ് ബീച്ച്. മൂന്നുതവണ ഗാന്ധിജിയുടെ പാദസ്പർശം ഏറ്റതീരമാണ് ഫോർട്ട്കൊച്ചി കടപ്പുറം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ഗാന്ധിജി ഫോർട്ട്കൊച്ചിയിലെത്തിയത്.
സാഹസികതയുടെ സംഗ്രഹതീരമെന്ന് 1927ലെ സന്ദർശനവേളയിൽ ഫോർട്ട്കൊച്ചി തീരത്തെ ഗാന്ധിജി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ സ്മരണക്കായാണ് കൊച്ചിൻ കാർണിവെൽ കമ്മിറ്റി തങ്ങളുടെ മുദ്രാവാക്യങ്ങളിൽ സാഹസികത കൂടി കൂട്ടിച്ചേർത്തത്. ഗാന്ധിജയന്തി ദിനങ്ങളിലും സ്മൃതിദിനങ്ങളിലും നേതാക്കന്മാർ കടപ്പുറത്ത് മഹാത്മാഗാന്ധി എന്ന ബോർഡ് സ്ഥാപിക്കുമെന്നും പ്രതിമ സ്ഥാപിക്കുമെന്നും വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് മറവി മൂടുന്നതാണ് പതിവ്. 40 വർഷം മുമ്പ് ചെറിയൊരു ബോർഡ് നഗരസഭ സ്ഥാപിച്ചെങ്കിലും പിറ്റേന്നുതന്നെ അത് അപ്രത്യക്ഷമായി.
കമാലക്കടവിൽ ഓട്ടോ തൊഴിലാളികൾ ചേർന്ന് മൂന്ന് വർഷം മുമ്പ് ഗാന്ധിയുടെ അർധകായ പ്രതിമ സ്ഥപിച്ചിരുന്നെങ്കിലും അനധികൃതമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ അധികൃതർ ഈ പ്രതിമ മാറ്റുകയും ചെയ്തു. ഇതിനിടെ തീരത്ത് രാഷ്ട്ര സന്ദർശകരുടെ പേരുകൾ ഉൾപ്പെടുന്ന ശിലാഫലകം സ്ഥാപിക്കാൻ ശ്രമം നടന്നെങ്കിലും ഇതിനെതിരെ ജനരോഷമുയർന്നതോടെ വേണ്ടെന്ന് വെച്ചു. ഒരു മതമേലധ്യക്ഷന്റെ പേര് കടപ്പുറത്തിന് നൽകാനും നീക്കം ഉണ്ടായെങ്കിലും ശ്രമം പാളി.
കടപ്പുറത്ത് നടത്തുന്ന ചടങ്ങുകളിൽപോലും അധികൃതർ മഹാത്മാഗാന്ധി കടപ്പുറം എന്നതിന് പകരം ഫോർട്ട്കൊച്ചി കടപ്പുറം എന്നാണ് നൽകാറുള്ളത്. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതെന്ന് ഗാന്ധിമാർഗ പ്രവർത്തകൻ പി.ആർ. അജാമളൻ പറഞ്ഞു. ഗാന്ധിജിയുടെ സ്മൃതിദിനത്തിലും അവഗണന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ നാമത്തിലുള്ള തീരം ശുചിത്വ പൂർണമായി സംരക്ഷിക്കുന്നതിലും നഗരസഭ അധികൃതർ പരാജയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.