കമ്യൂണിക്കോർ പദ്ധതിയുടെ സഹവാസ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ
കൊച്ചി: പട്ടിക വർഗ ഉന്നതികളിലെ കുരുന്നുകളിനി ഇംഗ്ലീഷിലും തിളങ്ങും. കുടുംബശ്രീ നടപ്പാക്കുന്ന ‘കമ്യൂണിക്കോർ’ പദ്ധതിയുടെ ഭാഗമായാണ് കുരുന്നുകൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസമാകുന്നത്.
തദ്ദേശീയ മേഖലയിലെ കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ മികവുറ്റവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ ആദ്യഘട്ടമായി കുട്ടമ്പുഴയിലെ പട്ടികവർഗ ഉന്നതികളിലെ കുരുന്നുകൾക്കാണ് പരിശീലനം ആരംഭിച്ചത്.
പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുളള വിദ്യാർഥികളെയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിലൂടെ ആശയ വിനിമയശേഷിയും ഭാവിയിലേക്കുളള പ്രഫഷനൽ സാധ്യതകളും വർധിപ്പിക്കുകയാണ് പരിശീലനത്തിന്റെ ഉളളടക്കം.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായുളള സഹവാസ പരിശീലന ക്യാമ്പ് കലൂർ റിന്യൂവൽ സെന്ററിൽ പൂർത്തിയാക്കി. ക്യാമ്പിന്റെ ഭാഗമായി വാക്ക് ആന്റ് ടോക്ക് സെഷൻ നടന്നത് മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക് എന്നിവിടങ്ങളിലായാണ്.
ജില്ലയിൽ കുടുംബശ്രീയുടെ സ്പെഷൽ പ്രൊജക്ട് നടപ്പാക്കുന്ന മേഖലയെന്ന പ്രത്യേകതയിലാണ് കുട്ടമ്പുഴയെ പദ്ധതിക്കായി തെരഞ്ഞെടുത്തത്. പ്രത്യേക പരിശീലനം ലഭിച്ച നാല് റിസോഴ്സ് പേഴ്സൺമാരാണ് നിലവിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
ക്ലാസിലെത്തുന്ന കുട്ടികൾക്കായി അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കുന്നത് കുടുംബശ്രീയാണ്. വാഹന സൗകര്യം, ക്ലാസ് നടക്കുന്ന സമയങ്ങളിൽ ലഘു ഭക്ഷണവുമെല്ലാം ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഒരു വർഷം നീളുന്ന പരിശീലനമാണ് ലക്ഷ്യമിടുന്നത്. വിദ്യാർഥികളെ ആകർഷണീയ പ്രവർത്തനങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും ഇംഗ്ലീഷ് ഭാഷയുമായി അടുപ്പിക്കും. സഹവാസ ക്യാമ്പിലെത്തിയ 26 കുട്ടികൾക്ക് പുറമേ കൂടുതൽ വിദ്യാർഥികളെ പരിശീലന ക്ലാസുകളിലെത്തിക്കാനുളള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഇതിനായി ഉന്നതികളിലെ പ്രത്യേക കേന്ദ്രങ്ങളിലും ട്രൈബൽ ഹോസ്റ്റലുകളിലുമെല്ലാം പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നതോടെ ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയ ശേഷിയുളളവരായി വിദ്യാർഥികൾ മാറുമെന്നാണ് പരിശീലകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.