പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി മൈ​ലാ​ഞ്ചി ഇ​ടു​ന്ന പു​ഷ്പാ​ഞ്ജ​ലി​യും മ​നീ​ഷ​യും

തെളിച്ചമുള്ള പുഞ്ചിരിയും മൈലാഞ്ചിയുമായി പുഷ്പാഞ്ജലിയുടെയും മനീഷയുടെയും പെരുന്നാൾ

കോതമംഗലം: പ്രതീക്ഷയുടെ തെളിച്ചമുള്ള പുഞ്ചിരിയും മൈലാഞ്ചിയുമായി പുഷ്പാഞ്ജലിയുടെയും മനീഷയുടെയും പെരുന്നാൾ ആഘോഷം. കൈയിൽ ആദ്യമായി മൈലാഞ്ചി ഇടുമ്പോൾ പെരുന്നാൾ നിലാവിന്റെ തെളിച്ചമുണ്ടായിരുന്നു പുഷ്പാഞ്ജലിയുടെയും മനീഷയുടെയും മുഖത്ത്. ആദ്യമായാണ് ഇരുവരും ഈദ് ആഘോഷിക്കുന്നത്. കോതമംഗലം പീസ് വാലിയിൽ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സാ പുനരധിവാസ കേന്ദ്രത്തിൽ എത്തിയതാണ് ഇരുവരും.

ആശുപത്രി വരാന്തകളിലും രോഗക്കിടക്കയിലുമായി ഇരുവരും ജീവിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷത്തോളമാകുന്നു. പതിമൂന്നാം വയസ്സിൽ വാരിയെല്ലിന് കാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയുടെ ലോകത്താണ് പാലക്കാട്‌ ആലത്തൂർ കുനിശ്ശേരി സ്വദേശി പുഷ്പാഞ്ജലി. അഞ്ച് കീമോയും 25 റേഡിയേഷനും ഏറ്റുവാങ്ങിയപ്പോൾ ബാക്കിയായത് തളർന്ന കാലുകളും തളരാത്ത മനസ്സുമായിരുന്നു. മികച്ച ചിത്രകാരി കൂടിയാണ് ഈ 21കാരി.

മംഗലാപുരത്ത് ഫിസിയോതെറപ്പി വിദ്യാർഥിനി ആയിരിക്കെ ആണ് കണ്ണൂർ സ്വദേശിനി മനീഷയുടെ ജീവിതത്തിൽ രോഗം വില്ലനായി കടന്നുവരുന്നത്. ജി.എൻ.ഇ മയോപ്പതി എന്ന അപൂർവ രോഗത്തിന് മുന്നിൽ തോൽക്കാൻ മനീഷയും കുടുംബവും തയാറായില്ല. എട്ട് വർഷത്തോളം വിവിധ ആശുപത്രികളിലായി ചികിത്സ. ജീവിതത്തിലേക്ക് തിരികെവരാമെന്ന മനീഷയുടെ ആഗ്രഹങ്ങൾക്ക് നിറം പകർന്ന് മനീഷയോടൊപ്പം ഭർത്താവ് ജീവനുമുണ്ട് പീസ് വാലിയിൽ. പ്രതിദിനം നാല് മണിക്കൂർ ഫിസിയോ തെറപ്പി ലഭിക്കുന്നുണ്ട് ഇവർക്കിപ്പോൾ. ഒപ്പം കൗൺസലിങും.

ഈദ് ആഘോഷത്തിന്റെ ഭാഗമായി മൈലാഞ്ചി അണിയിക്കാൻ പീസ് വാലി വളന്‍റിയർമാർ എത്തിയപ്പോൾ ഇരുവർക്കും ഏറെ സന്തോഷം. ചികിത്സക്ക് ശേഷം പീസ് വാലിയിൽനിന്ന് നടന്നു തിരികെ പോകാമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Pushpanjali and Manishas eid with bright smiles and henna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.