സ്വകാര്യ ഫാമിലെത്തിയ ആനകളിലൊന്ന് (മുറിവാലൻ കൊമ്പൻ)
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയിൽ കാട്ടുകൊമ്പൻമാരെത്തി. മാലിപ്പാറ പള്ളിക്കവലയിലൂടെ രണ്ട് കൊമ്പൻമാരാണ് ഇന്നലെ പുലർച്ചെ എത്തിയത്. സെന്റ് മേരീസ് കോൺവെന്റിന്റെ കോമ്പൗണ്ടിൽ കയറിയ ആനകൾ പ്രധാന ഗെയിറ്റും തകർത്താണ് പുറത്തേക്ക് പോയത്. കോൺവന്റ് കോമ്പൗണ്ടിൽ കയ്യാലകളും കാർഷിക വിളകളും നശിപ്പിച്ചു. കോൺവെന്റിന് സമീപത്തെ സ്വകാര്യ ഫാമിൽ കയറിയ ആനകൾ കൃഷികൾ നശിപ്പിച്ച ശേഷം ഗെയിറ്റ് തകർത്തു പുറത്ത് കടന്നു. റോഡും മറികടന്ന് വിവിധ കൃഷിയിടങ്ങളിലൂടെ ആനകൾ തിരികെ അഞ്ച് കിലോമീറ്ററോളം അകലെയുള്ള കോട്ടപ്പാറ പ്ലാന്റേഷനിലേക്ക് മടങ്ങിയത്. വാവേലിയിൽ നിന്ന് വിവിധ കൃഷിയിടങ്ങളിലൂടെയാണ് ആനകൾ മാലിപ്പാറയിലെത്തിയത് എന്ന് കരുതുന്നു.
ആൻററണി ജോൺ എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ആനശല്യം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോർജ്, വാർഡംഗങ്ങളായ പ്രിൻസ് ജോൺ, ഷൈനി ജിൻസ്, മാലിപ്പാറ സെന്റ് മേരിസ് പള്ളി വികാരി ഫാദർ ജോസ് കൂനാനിക്കൽ, മദർ സുപ്പീരിയർ സിസ്റ്റർ ആൻ മേരി, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന, സിസ്റ്റർ സോഫി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. ജോസഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി.ആർ. ബിജു, ജിമ്മി സ്കറിയ, മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.എം. അനസ്, കെ.ആർ. രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.