കുന്നുകര: പെരിയാറിൽ അപകടത്തിൽപ്പെടുന്നവരെ ആഴക്കയങ്ങൾ താണ്ടി സാഹസിക രക്ഷാപ്രവർത്തനം നടത്തുന്ന ആലുവ ഉളിയന്നൂർ കുഞ്ഞുണ്ണിക്കരയിലെ ‘സ്കൂബ ടീമി’ലെ അംഗങ്ങൾ നാടിന് അഭിമാനമാവുകയാണ്. ഞായറാഴ്ച പെരിയാർ തടിക്കൽക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ കണ്ണൂർ തലശ്ശേരി സ്വദേശി ജോമിയുടെ മൃതദേഹം മണിക്കൂറോളം ശ്രമം നടത്തി രാത്രിയോടെ കണ്ടെടുക്കുകയായിരുന്നു. വൈകീട്ട് 3.30നാണ് അപകടം.
സംഭവമറിഞ്ഞ് അങ്കമാലി അഗ്നി രക്ഷ സേനയെത്തി തെരച്ചിൽ നടത്തിയെങ്കിലും വിഫലമായിരുന്നു. തുടർന്നാണ് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീമിലെ യുവാക്കളെത്തി രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. വർഷങ്ങളായി ഒഴുക്കിൽ അകപ്പെടുന്നവരെ രക്ഷിക്കാനും മുങ്ങി മരിക്കുന്നവരുടെ മൃതദേഹങ്ങൾ കരക്കടുപ്പിക്കാനും അതിസാഹസിക സേവനമാണ് സംഘം കാഴ്ച വെക്കുന്നത്. ഇതിനകം നിരവധി പേരുടെ ജീവൻ രക്ഷിക്കുകയും, മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി പെരിയാറിൽ മുങ്ങി മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങളാണ് ഇവർ കുറഞ്ഞ സമയത്തിനകം കരക്കെത്തിച്ചത്.
ഞായറാഴ്ച പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. പുഴയിലെ വെള്ളം കലങ്ങിമറിഞ്ഞ നിലയിലായിരുന്നു. അതിനാൽ തിരച്ചിൽ നടത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. രാത്രിയായതിനാൽ പ്രത്യേകം ലൈറ്റുകൾ ഒരുക്കിയാണ് തിരച്ചിൽ നടത്തിയത്. ശനിയാഴ്ച കുഞ്ഞുണ്ണിക്കര മുരിക്കോത്ത് കടവിൽ കുളിക്കുന്നതിനിടെ പെരിയാറിൽ മുങ്ങി പോയ വിദ്യാർഥിയായ മിഷാലിനെയും സ്കൂബ ടീമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. കരക്കെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. ജീവകാരുണ്യവും, സാമൂഹിക സേവനവും ലക്ഷ്യമാക്കി മൂന്ന് വർഷം മുമ്പാണ് യുവാക്കൾ പ്രവർത്തനം ആരംഭിച്ചത്. ഇതിലെ പല അംഗങ്ങളും മുമ്പും സ്വന്തം നിലയിൽ സേവന രംഗത്ത് പ്രവർത്തിച്ചിരുന്നു. 15ഓളം പേരാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നും 50 ലധികം മൃതദേഹങ്ങളാണ് സംഘം കരക്കെടുത്തിട്ടുള്ളത്. കച്ചവടവും, വിവിധ ജോലികളുമുള്ള ഇവർ ദുരന്തമുണ്ടായാൽ ടീമിന്റെ വാട്സ് ആപ്പ് സന്ദേശം ലഭിക്കുന്നതോടെ സേവനത്തിനായി യുദ്ധകാലാടിസ്ഥാനത്തിൽ ഓടിയെത്തുകയാണ് ചെയ്യുന്നത്. തടിക്കൽ കടവിൽ രക്ഷാപ്രവർത്തനത്തിയ സ്കൂബ ടീമംഗങ്ങളെ നാട്ടുകാർ ചേർന്ന് അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.