പള്ളുരുത്തി: വേലിയേറ്റം ശക്തമായതോടെ കായൽ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. തീരത്തെ നൂറുകണക്കിന് വീടുകളിൽ ഒരാഴ്ചയായി വേലിയേറ്റ വേളകളിൽ വെള്ളം കയറുകയാണ്. പാചകമടക്കമുള്ള കാര്യങ്ങൾ മുടങ്ങുകയാണ്. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിനും ബുദ്ധിമുട്ടുകയാണ്.
പകർച്ചവ്യാധി ഭീഷണിയുമുണ്ട്. ത്വഗ് രോഗവും ഉടലെടുത്തിട്ടുണ്ട്. പുലർച്ചെ തുടങ്ങുന്ന വേലിയേറ്റം ഉച്ചക്ക് ശേഷമാണ് കുറയുന്നത്. ഭൂമി നിരപ്പിൽ നിൽക്കുന്ന വീടുകളിലേക്കും റോഡിലേക്കും കായൽ വെള്ളം ഇരച്ചുകയറുകയാണ്.
ഇടക്കൊച്ചി, പള്ളുരുത്തി, പെരുമ്പടപ്പ്, കുമ്പളങ്ങി, കോണം, കുതിരക്കൂർ കരി, കോവളം, മുണ്ടംവേലി എന്നിവിടങ്ങളിലാണ് രൂക്ഷമായ വേലിയേറ്റം. എക്കലടിഞ്ഞ് വേമ്പനാട് കായലിന് ആഴം കുറഞ്ഞതാണ് വേലിയേറ്റം ഇത്രയും രൂക്ഷമാകാൻ കാരണമായത്. പെരുമ്പടപ്പ് കായലിനു നടുവിൽ 26 ഏക്കറിൽ സർക്കാർ ഫിഷ് ഫാം നിർമിച്ചതും വേലിയേറ്റം രൂക്ഷമാകുന്നതിന് വളമൊരുക്കിയിട്ടുണ്ട്.
ദീർഘവീക്ഷണമില്ലാതെയാണ് ഫിഷ് ഫാം കെട്ടിയതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഫാം കെട്ടിയതോടെ മേഖലയിൽ നീരൊഴുക്കില്ലാതെ എക്കലടിഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഡ്രഡ്ജിങ് നടത്തി കായലിന്റെ ആഴം കുട്ടാതെ വേലിയേറ്റം തടയാൻ സാധിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.