കൊച്ചി: ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിർമാതാവിന്റെ പേര് ചേർക്കാതെ ബില്ല് നൽകുകയും നിലവാരം കുറഞ്ഞ റൂഫിങ് ഷീറ്റ് വിൽപന നടത്തി കബളിപ്പിക്കുകയും ചെയ്തതിന് 2,40,000 രൂപ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. എറണാകുളം മുളന്തുരുത്തി സ്വദേശി കെ.കെ. ജോയ്, തൃപ്പൂണിത്തുറ ജെ.എസ് ക്യൂബ് മെറ്റൽസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ടെറസ് റൂഫ് സ്ഥാപിക്കാൻ പരാതിക്കാരൻ 72,000 രൂപക്ക് എതിർകക്ഷിയിൽനിന്ന് റൂഫിങ് ഷീറ്റുകൾ വാങ്ങിയിരുന്നു.
ഷീറ്റിെന്റ നിർമാതാക്കൾ തങ്ങളാണെന്നും 15 വർഷത്തെ ഗാരന്റിയുള്ള ഉന്നത നിലവാരമുള്ള ഷീറ്റുകൾ ആണെന്നും കടയുടമ പരാതിക്കാരനെ ബോധിപ്പിച്ചു. എന്നാൽ, മൂന്നുവർഷം കഴിഞ്ഞപ്പോഴേക്കും ഷീറ്റുകൾ തുരുമ്പിക്കുകയും ചോർന്നൊലിക്കുകയും ചെയ്തു. കേടായ ഷീറ്റുകൾ മാറ്റി സ്ഥാപിക്കാൻ എതിർകക്ഷിയെ സമീപിച്ചെങ്കിലും അവർ തയാറായില്ല. പിന്നീട്, കോടതിയെ സമീപിച്ചപ്പോഴാണ് ഷീറ്റിന്റെ ഉടമ ഹരിയാനയിലെ മെറ്റൽ കമ്പനി ആണെന്ന് എതിർകക്ഷി വെളിപ്പെടുത്തിയത്. വ്യാപാരി നൽകിയ ബില്ലിൽ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം നിർമാതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.
ഉൽപന്നത്തിന്റെ വിശദാംശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയും വ്യാപാരി പാലിച്ചിട്ടില്ല. വാങ്ങുന്ന ഉൽപന്നത്തിന്റെ വിശദാംശങ്ങൾ അറിയാനും അതിൽ ന്യൂനത ഉണ്ടെങ്കിൽ പരിഹാരം തേടാനും ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഉത്തരവിൽ പറയുന്നു. റൂഫിങ് ഷീറ്റിനും അത് സ്ഥാപിക്കുന്നതിനുമായി പരാതിക്കാരൻ ചെലവഴിച്ച രണ്ട് ലക്ഷവും നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവിന് 10,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാനാണ് നിർദേശം. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ബില്ല് നൽകാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉപഭോക്തൃ വകുപ്പിന് കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.