കൊച്ചി: ക്ഷേത്രങ്ങളിലെ ഫണ്ട് സഹകരണ ബാങ്കിലുൾപ്പെടെ നിക്ഷേപിക്കാൻ മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ടിലെ സെക്ഷൻ 100 പ്രകാരം സാധ്യമാണെന്ന് മലബാർ ദേവസ്വം ബോർഡ് ഹൈകോടതിയിൽ. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ഫണ്ട് സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകളിലും നിക്ഷേപിക്കുന്നതിനെതിരായ ഹരജി പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കാര്യത്തിൽ വിശദമായ വാദം ആവശ്യമുണ്ടെന്ന് വിലയിരുത്തിയ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി ഒക്ടോബർ 25ന് പരിഗണിക്കാൻ മാറ്റി.
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള വയനാട്ടിലെ വള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിലെ ഫണ്ടുകൾ വിവിധ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ചതിനെതിരെ മാനന്തവാടി സ്വദേശികളായ ഒ.കെ. കൊച്ചുകുഞ്ഞ്, ടി.വി. രമേശൻ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ മലബാർ ദേവസ്വം കമീഷണർ നൽകിയ സർക്കുലറിന് വിരുദ്ധമായി ക്ഷേത്രത്തിന്റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച സാഹചര്യം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുക ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാർ ഡയറക്ടർമാരായ സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകളിലും നിക്ഷേപിച്ചതു തിരിച്ചെടുത്ത് ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.