കൊച്ചി: ഇടക്കിടെയുണ്ടാകുന്ന റോ റോ തകരാർ നൂറുകണക്കിന് യാത്രക്കാർക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൊച്ചിക്കായി പുതിയ റോ റോ സർവിസ് ആരംഭിക്കാൻ തീരുമാനം. സ്മാർട്ട് സിറ്റി ഫണ്ടിൽനിന്നാണ് കൊച്ചി കോർപറേഷന് വേണ്ടി മൂന്നാമത് റോ റോ വെസൽ നിർമിക്കുന്നത്.
15 കോടി രൂപ ചെലവിട്ട് കൊച്ചി കപ്പൽശാല (സി.എസ്.എൽ) റോ റോ നിർമിക്കുമെന്ന് മേയർ എം. അനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 10 കോടി രൂപ ഇതിനകം സ്മാർട്ട് സിറ്റി ബോർഡ് അനുവദിച്ചു. ബാക്കി അഞ്ചുകോടി രൂപ കോർപറേഷൻ സ്വന്തം നിലക്ക് കണ്ടെത്തുകയോ മറ്റോ ചെയ്യും.
ദിവസങ്ങൾക്കു മുമ്പ് ചേർന്ന സ്മാർട്ട് സിറ്റി ബോർഡ് യോഗത്തിലാണ് പുതിയ റോ റോ വെസൽ നിർമിക്കാനുള്ള തീരുമാനമായതെന്ന് മേയർ വ്യക്തമാക്കി. കൊച്ചിയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് എന്ന രീതിയിലാണ് മൂന്നാം റോ റോ സർവിസ് വരുന്നത്.
നിലവിൽ രണ്ട് റോ റോ സർവിസാണ് വൈപ്പിൻ-ഫോർട്ട്കൊച്ചി റൂട്ടിലുള്ളത്. ഇതിൽ ഏതെങ്കിലും ഒന്ന് തകരാറിലായാൽ നിരവധി പേരാണ് യാത്രാദുരിതം അനുഭവിക്കുക. തകരാർ പരിഹരിക്കാൻ ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമെടുക്കുന്ന സാഹചര്യത്തിൽ സർവിസ് മുടങ്ങാതിരിക്കുകയെന്നതാണ് മൂന്നാം റോ റോയുടെ ലക്ഷ്യം. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയായേക്കും.
കൊച്ചിയിൽ പുതിയ റോ റോ ആരംഭിക്കാൻ പത്തു കോടി രൂപ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അനുവദിച്ചതാണ്. എന്നാൽ, ബജറ്റ് ഫണ്ടായതിനാൽ ഇതിന്റേതായ രീതിയിൽ ജലഗതാഗത വകുപ്പിലേക്കാണ് ഫണ്ട് പോയതെന്ന് മേയർ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ ഫണ്ടുപയോഗിച്ച് ഗതാഗത വകുപ്പ് രണ്ട് റോ റോ നിർമിക്കാൻ നടപടിക്രമങ്ങൾ തുടങ്ങുകയായിരുന്നു.
സോളാറിൽ നിർമിക്കുന്ന ഈ വെസൽ കൊച്ചി കോർപറേഷന് വേണ്ടിയല്ലെന്നും വകുപ്പിനു കീഴിൽ കൊച്ചിയിൽ സർവിസ് നടത്തുകയാണ് ലക്ഷ്യമെന്നും വ്യക്തമായിട്ടുണ്ട്. വൈപ്പിൻ-ഫോർട്ട്കൊച്ചി ജെട്ടികളിൽ അടുപ്പിക്കാവുന്ന രീതിയിലുമല്ല ഇതിന്റെ രൂപകൽപന. ഈ സാഹചര്യത്തിലാണ് സ്മാർട്ട് സിറ്റി ബോർഡിന്റെ കാലാവധി തീരും മുമ്പേ കൊച്ചിക്കുവേണ്ടി പുതിയ റോ റോ നിർമിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.
ടെൻഡർ നടപടിക്രമങ്ങളിലേക്കും മറ്റും കടന്നാൽ വൈകുമെന്നതിനാലും കൊച്ചി കപ്പൽശാല ഏറ്റവും ഗുണനിലവാരവും ഈടുറ്റതുമായ റോ റോ നിർമിക്കുമെന്ന് ഉറപ്പുള്ളതിനാലുമാണ് കപ്പൽശാലയെ ഏൽപിച്ചതെന്ന് മേയർ അറിയിച്ചു.
സ്മാർട്ട് സിറ്റി ബോർഡിനു കീഴിൽ കപ്പൽശാല നിർമിക്കുന്നതിനാൽ കൊച്ചി കോർപറേഷന് റോ റോയുടെ പൂർണ ഉടമസ്ഥത ലഭിക്കാൻ മൂന്ന് സ്ഥാപനങ്ങൾക്കുമിടയിൽ ത്രികക്ഷി കരാറുണ്ടാക്കും. നിർമാണത്തിനുള്ള ആദ്യ ഗഡുവെന്ന നിലക്ക് അഞ്ചു കോടി രൂപ കൈമാറും. നിലവിൽ റോ റോ സർവിസ് നടത്തുന്നത് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ(കെ.എസ്.ഐ.എൻ.സി) ആണ്. 2018ൽ സർവിസ് തുടങ്ങി, ഇത്രകാലമായിട്ടും 24 ലക്ഷം രൂപ മാത്രമാണ് പദ്ധതി നടത്തിപ്പിൽനിന്ന് കോർപറേഷന് ലഭിച്ചത്. എന്നാൽ, മൂന്നര കോടി വീതം അനുവദിച്ചതുകൊണ്ട് നിർമിച്ച റോ റോ വെസലുകളുടെ അറ്റകുറ്റപ്പണിക്കുതന്നെ അഞ്ചുകോടിക്കടുത്ത് ചെലവായിട്ടുണ്ട്. സർവിസിന്റെ വരവു ചെലവുകൾ സംബന്ധിച്ച ആക്ഷേപം പരിശോധിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോർപറേഷനു കീഴിൽ തന്നെ പദ്ധതി നടത്തിപ്പിനായി പ്രത്യേക നിർവഹണ സംവിധാനം (എസ്.പി.വി) രൂപവത്കരിക്കാനാണ് തീരുമാനം.
2018ൽ രണ്ട് റോ റോ വെസലുകൾ നിർമിക്കാൻ കൊച്ചി കപ്പൽശാലക്ക് അനുവദിച്ചത് മൂന്നരക്കോടി രൂപ വീതമാണ്. എന്നാൽ, വിലയേറിയ ഉപകരണങ്ങളും സാമഗ്രികളും ഉപയോഗിച്ച് നിർമിച്ചതിനാൽ അനുവദിച്ച തുകയിലുമേറെ ചെലവാകുകയും ഇത് കപ്പൽശാല സ്വന്തം നിലക്ക് കണ്ടെത്തുകയുമായിരുന്നു. എന്നാൽ, പിന്നീട് ഇത് സി.എസ്.എല്ലിന്റെ ഓഡിറ്റിൽ പ്രശ്നമായതോടെയാണ് 15 കോടി രൂപ ഒരു വെസലിന്റെ നിർമാണത്തിനുവേണ്ടി വരുമെന്ന് കപ്പൽശാല പ്രാഥമിക ഘട്ടത്തിൽ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.