തകർന്ന കുഴിയിൽ പശയൊട്ടിച്ച് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചപ്പോൾ
കൊച്ചി: തകർന്ന കുഴിയിൽ പശയൊട്ടിച്ച് യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. നഗരത്തിലെ ഏറ്റവും നീളമേറിയ റോഡായ ചിറ്റൂർ റോഡിലെ വലിയ കുഴികളിലാണ് യു.ഡി.എഫ് കൗൺസിലർമാർ പശയൊട്ടിച്ച് പ്രതിഷേധിച്ചത്.
തകർന്ന റോഡുകളെക്കുറിച്ച് പശയൊട്ടിച്ചാണോ നിർമിച്ചതെന്ന ഹൈകോടതിയുടെ പരാമർശം ഉണ്ടായിരുന്നു. പ്രതിഷേധം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൗൺസിലറുമായ ഹെൻട്രി ഓസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ നേതൃത്വം നൽകി. തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കിയ മാതൃകയിൽ കൊച്ചിയിലെ റോഡ് വികസനത്തിനായി പാക്കേജ് സംസ്ഥാന സർക്കാർ നടപ്പാക്കാത്തതാണ് തകർച്ചക്ക് കാരണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
നിലവിൽ എറണാകുളത്തെ 17 പ്രധാന റോഡുകൾ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാനായി 800 കോടിയോളം രൂപ ആവശ്യമുണ്ട്. മുൻകാലങ്ങളിൽ റോഡ് പണിക്കായി ടാർ എടുത്തുകൊടുത്തിരുന്നത് നഗരസഭ നേരിട്ടായിരുന്നു, ഇപ്പോൾ കരാറുകാർ സ്വന്തംനിലക്കാണ് ടാർ എടുക്കുന്നത്. ഇവരുടെ ബില്ലുകൾ പാസാക്കാൻ വർഷങ്ങൾ എടുക്കുന്നത് റോഡ് പണിയുടെ നിലവാരത്തെ ബാധിക്കുന്നുണ്ടെന്നും പറഞ്ഞു.
യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ വി.കെ. മിനിമോൾ, സക്കീർ തമ്മനം, മനു ജേക്കബ്, അഭിലാഷ് തോപ്പിൽ, മിനി ദിലീപ്, സീന ടീച്ചർ, ലൈലദാസ്, ജീജ ടെൻസൺ, ഷൈല തദേവൂസ്, ബെൻസി ബെന്നി, മിനി വിവേര, ശാന്ത ടീച്ചർ, രജനി മണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.