കനാൽ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പിണർമുണ്ട
ഭാഗത്ത് അടിഞ്ഞുകൂടിയ മാലിന്യം നാട്ടുകാർ കോരിമാറ്റുന്നു
പള്ളിക്കര: പെരിയാർ വാലി കനാൽ വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മാലിന്യം പരിസരവാസികൾക്ക് ഭീഷണിയാകുന്നതായി പരാതി.
കാണിനാട് പിണർമുണ്ട സബ് കനാലിലാണ് അറവുമാലിന്യം ഉൾപ്പെടെ വന്നടിയുന്നത്. സബ് കനാലിന്റെ ആരംഭം മുതൽ പിണർമുണ്ട ക്ഷേത്ര ജങ്ഷൻ വരെ ഏകദേശം നാല് കിലോമീറ്ററാണുള്ളത്. ഈ ദൂരപരിധിയിൽ മറ്റൊരിടത്തും മാലിന്യം തടഞ്ഞ് മാറ്റാനുള്ള സംവിധാനം ഇല്ലാത്തതിനാലാണ് പിണർമുണ്ട -പെരിങ്ങാല 14, 15 വാർഡുകളിലെ ജനങ്ങൾ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.
ക്ഷേത്ര ജങ്ഷൻ മുതൽ പാടത്തിക്കര ബസ് സ്റ്റോപ് വരെ കുട്ടികളും സ്ത്രീകളും തൊഴിലാളികളുമടക്കം ദിനംപ്രതി നിരവധി കാൽനടക്കാരാണ് ഈ കനാൽ ബണ്ട് റോഡ് ഉപയോഗപ്പെടുത്തുന്നത്. കൂടാതെ 15 വീട്ടുകാർക്കും ഈ റോഡാണ് ആശ്രയം. 14, 15 വാർഡുകൾ തമ്മിൽ വേർതിരിയുന്നതും നിരവധി കച്ചവട സ്ഥാപനങ്ങളും ഉള്ള പിണർമുണ്ടയിലെ തിരക്കേറിയ കവലകൂടിയാണ് ഈ പ്രദേശം.
ഇവിടെയാണ് ഇത്തരത്തിൽ ഒഴുകിവരുന്ന അറവുമാലിന്യമടക്കം കോരിയിടുന്നത്. ഈ ബണ്ട് റോഡ് കട്ട വിരിച്ച് വാഹനസഞ്ചാരത്തിനുംകൂടി ഉപകരിക്കുംവിധം സഞ്ചാരയോഗ്യമാക്കാൻ പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിക്കാൻ ഇരിക്കെയാണ് ഇത്തരത്തിൽ മാലിന്യം പുറന്തള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.