കൊച്ചി: അസഹ്യമായ ദുർഗന്ധത്താൽ മൂക്കുപൊത്താതെ കടന്നുചെല്ലാൻ പറ്റാതിരുന്ന എറണാകുളം മാർക്കറ്റിനെക്കുറിച്ച് മറന്നേക്കൂ, ഇതാ അത്യാധുനിക സൗകര്യങ്ങളോടെ പുതുപുത്തൻ മാർക്കറ്റ് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന എറണാകുളം മാർക്കറ്റിന്റെ നിർമാണം 2024 മേയിൽ പൂർത്തിയാവും. നിർമാണവുമായി ബന്ധപ്പെട്ട് കോർപറേഷൻ മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
പണി പൂര്‍ത്തിയാക്കാനുള്ള യഥാർഥ സമയം 2024 ജൂലൈ മാസമാണ്. എന്നാല്‍, 2024 മേയില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.
മൂന്നു നിലകളിലായി ഏകദേശം 19,990 ചതുരശ്ര മീറ്റര്‍ വിസ്തീർണത്തിലാണ് മാര്‍ക്കറ്റ് കോംപ്ലക്സ് വിഭാവനം ചെയ്തിരിക്കുന്നത്. മൊത്തം 1.63 ഏക്കറാണ് പ്ലോട്ട് ഏരിയ. 72.69 കോടിയാണ് പദ്ധതി ചെലവ്. ഗ്രൗണ്ട്, ഫസ്റ്റ് എന്നീ ഫ്ലോറുകളില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുട്ട തുടങ്ങിയ സ്റ്റാളുകളും സ്റ്റേഷണറി, കയര്‍, കൊട്ട, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില്പനക്കുള്ള സ്റ്റാളുകളും സജ്ജീകരിക്കും. ഒന്നാംനിലയിലും ലോഡിങ്, അണ്ലോഡിങ്ങിനായി ഏരിയ നല്‍കിയിട്ടുണ്ട്. നിലവിൽ താൽക്കാലികമായി ഉണ്ടാക്കിയ മാർക്കറ്റിലാണ് വ്യാപാരികൾ കച്ചവടം ചെയ്യുന്നത്.
താഴത്തെ നിലയില്‍നിന്ന് ഒന്നാംനിലയിലേക്ക് റാംപിലൂടെ വാഹനം നീങ്ങാന്‍ സാധിക്കും. ബേസിന് റോഡില്‍നിന്നാണ് റാമ്പിന്റെ പ്രവേശനകവാടം. രണ്ടാമത്തെയും മൂന്നാമത്തെയും നിലകളില്‍ പാര്ട്ടീഷനുകളൊന്നുമില്ലാതെ തുറന്ന നിലയാണ് നല്‍കിയിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ വാണിജ്യ ഇടമായി ഉപയോഗിക്കാന്‍ സാധിക്കും. മാർക്കറ്റ് നിർമാണം പൂർത്തിയാവുന്നതോടെ നഗരത്തിലെ എല്ലാ മാര്‍ക്കറ്റുകളും നവീകരിക്കാനുള്ള ആലോചനയുമുണ്ട്. റിവ്യൂ യോഗത്തില്‍ കൗണ്‍സിലര്‍ മനു ജേക്കബ്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അമ്പിളി, സ്മാര്‍ട്ട് സിറ്റി ഉദ്യോഗസ്ഥര്‍, കരാറുകാര്‍, കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികളായ എല്‍.എ. ജോഷി, മുഹമ്മദ് സഹീര്‍, ജേക്കബ് ചാണ്ടി, മാര്‍ക്കറ്റ് ഓണേഴ്സ് പ്രസിഡന്റ് സി.ജെ. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.