ശോച്യാവസ്ഥയിലായ അല്ലപ്ര ഗവ. യു.പി സ്കൂള്‍
പെരുമ്പാവൂര്‍: സ്കൂളിന്റെ ശോച്യാവസ്ഥയില്‍ മനംനൊന്ത് വിരമിക്കാന്‍ മുതിര്‍ന്ന അധ്യാപികയെ മന്ത്രി മുഖപുസ്തകത്തിലൂടെ നിരുല്സാഹപ്പെടുത്തി. അല്ലപ്ര ഗവ. യു.പി സ്കൂളിലെ പ്രധാന അധ്യാപിക ആര്. പ്രീതയാണ് കഴിഞ്ഞ 31ന് വി.ആര്.എസിന് അപേക്ഷ നല്‍കിയത്. പഴകി ശോച്യാവസ്ഥയിലായ സ്കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കുന്നതിന് ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ജില്ലയിലെ ഭൂരിപക്ഷം സ്കൂളുകളും കോൺക്രീറ്റ് കെട്ടിടങ്ങളാക്കാന്‍ തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അല്ലപ്ര സര്‍ക്കാര്‍ സ്കൂള്‍ അവഗണിക്കപ്പെടുകയാണെന്നാണ് ടീച്ചറുടെ പരിഭവം. പാലക്കാട് ജില്ലയില്‍ സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം നടത്തിയ വിവരം വെള്ളിയാഴ്ച ഫേസ്ബുക്ക് പേജില്‍ മന്ത്രി വി. ശിവന്‍കുട്ടി പോസ്റ്റ് ചെയ്തിരുന്നു.
സ്കൂളുകളുടെ പേര് ഉള്‍പ്പെടെ രേഖപ്പെടുത്തിയായിരുന്നു പോസ്റ്റ്. കമന്റ് ബോക്സില്‍ പ്രീത ടീച്ചര്‍ താന്‍ പ്രധാന അധ്യാപികയായ സ്കൂളിനോടുള്ള അവഗണനയും വി.ആര്.എസ് തീരുമാനവും അറിയിക്കുകയായിരുന്നു. ‘സര്‍ക്കാര്‍ സ്കൂളില്‍ കെട്ടിടം അനുവദിച്ചില്ല എന്നതിന്റെ പേരില്‍ ടീച്ചര്‍ വി.ആര്.എസ് എടുക്കേണ്ടതില്ല, സ്കൂളിന്റെ ഒരു നിവേദനം എനിക്ക് അയക്കുക’ മറുപടിയും ഇ-മെയില്‍ അഡ്രസും മന്ത്രി രേഖപ്പെടുത്തുകയായിരുന്നു.
അയച്ചശേഷം അത് കമന്റ് ബോക്സില്‍ അറിയിക്കണമെന്ന നിര്‍ദേശവും നല്കി. ഇതിനിടെ മന്ത്രിയുടെ ഓഫിസില്‍നിന്ന് ടീച്ചറെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. മന്ത്രിയുടെ ഇടപെടലില്‍ വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന് ആലോചിക്കുമെന്ന് ടീച്ചര്‍ ‘മാധ്യമത്തോട്’ പറഞ്ഞു. ടീച്ചര്‍ക്ക് നാലുവര്‍ഷം കൂടി ഇനിയും സര്‍വിസ് കാലാവധിയുണ്ട്. എല്‍.കെ.ജിയില്‍ ഉള്‍പ്പെടെ 218 കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ പുനരുദ്ധാരണ നടപടികളാണ് വൈകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.