പള്ളുരുത്തി എസ്​.ഡി.പി.വൈ ബോയ്സ് സ്കൂളിലെ ബൂത്തിൽ വോട്ടുചെയ്യാൻ എത്തിയവരുടെ നീണ്ട നിര

ജനവിധിയിൽ മുന്നിൽ എറണാകുളം

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിലുൾപ്പെട്ട ജില്ലകളിൽ വോട്ടിങ് ശതമാനത്തിൽ ഒന്നാമതെത്തി എറണാകുളം. ജില്ലയിൽ 74.59 ആണ് വോട്ടിങ് ശതമാനം. 1988895 പേരാണ് ജില്ലയിൽ വോട്ടു ചെയ്തത്. കഴിഞ്ഞ തവണ 77.13 ആയിരുന്നു പോളിങ്​. ജില്ലയിൽ ആകെ വോട്ടർമാരുടെ എണ്ണം 26,67,746 ആയിരുന്നു. ഇത്തവണ 970291 പുരുഷൻമാരും 1018592 സ്ത്രീകളും 12 ട്രാൻസ്ജെൻഡർമാരും വോട്ടു ചെയ്തു. വോട്ടിങ് കണക്കുകൾ അന്തിമമല്ലെന്നും ചെറിയ മാറ്റമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ 7374 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ജില്ലയിലാകെ 3021 പോളിങള സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്. 7490 ബാലറ്റ് യൂനിറ്റുകളും 3036 കണ്‍ട്രോള്‍ യൂനിറ്റുകളും സജ്ജീകരിച്ചിരുന്നു.

ജില്ലയിലുള്ള 72 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്​ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി കോർപറേഷനിൽ 62.52 ശതമാനം പേരാണ് വോട്ടു ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62.04 ശതമാനമായിരുന്നു പോളിങ് ശതമാനം. രാവിലെ 10നും 12നും ഇടയിലുള്ള സമയത്താണ് പോളിങ് ശതമാനത്തിൽ വൻ വർധനവുണ്ടായത്. പഞ്ചായത്ത് തലത്തില്‍ 77.14 ശതമാനം വോട്ടും നഗരസഭകളില്‍ 75.09 ശതമാനം വോട്ടും രേഖപ്പെടുത്തി.

കിഴക്കമ്പലത്ത് ചെറിയ വാക്തർക്കമുണ്ടായതൊഴിച്ചാൽ പൊതുവേ സമാധാനപരമായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ. പാമ്പാക്കുടയിൽ സ്ഥാനാർഥിയും മൂന്നിടങ്ങളിൽ വോട്ടർമാരും മരിച്ചത് ജനവിധി നാളിലെ വേദനയായി. പാമ്പാക്കുട പഞ്ചായത്ത് ആറാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി സി.എസ്. ബാബുവാണ് വിടപറഞ്ഞത്.

Tags:    
News Summary - loacal bosy election poll in ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.