ലക്ഷദ്വീപിൽനിന്നുള്ള ഹജ്ജ് തീർഥാടകർ കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നു
കൊച്ചി: ഈ വർഷം ലക്ഷദ്വീപിൽനിന്ന് ഹജ്ജിന് പോകുന്നവർ വിവിധ ദ്വീപുകളിൽനിന്ന് കപ്പൽ മാർഗം കൊച്ചിയിലേക്ക് യാത്ര തിരിച്ചു. 86 പുരുഷൻമാരും 77 സ്ത്രീകളുമടക്കം 163 പേരും ഒരു വളന്റിയറും ഉൾപ്പെടെ 164 പേരാണ് ഇത്തവണ ലക്ഷദീപിൽനിന്നുള്ള സംഘത്തിലുള്ളത്. കവരത്തി ദ്വീപിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് കവരത്തി ഖാദി ഹംസത്ത് മുസ്ലിയാർ നേതൃത്വം നൽകി.
കവരത്തി, കടമം, അമിനി ദ്വീപുകളിൽനിന്നുള്ള തീർഥാടകർ എം.വി ലഗൂൺ കപ്പലിൽ ചൊവ്വാഴ്ച കൊച്ചിയിലെത്തി. കിൽത്താൻ, ചേത്ത്ലാത്ത്, കൽപേനി , ആന്ത്രോത്ത് ദ്വീപുകളിലെ തീർഥാടകർ എം.വി കോറൽസ് കപ്പൽവഴി ബുധനാഴ്ച കൊച്ചിയിലെത്തും. ബുധനാഴ്ച അഗത്തി ദ്വീപിൽനിന്നുള്ളവർ കൊച്ചിയിലേക്ക് തിരിക്കും. ലക്ഷദ്വീപിൽനിന്നുള്ള മുഴുവൻ ഹാജിമാരുടെയും സംഘം ഈ മാസം 11ന് നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിൽ സംഗമിക്കുമെന്ന് ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസർ എസ്.സി. ഷാജഹാൻ പറഞ്ഞു. 12നാണ് ലക്ഷദ്വീപിൽനിന്നുള്ള തീർഥാടക സംഘം നെടുമ്പാശ്ശേരിയിൽനിന്ന് സൗദി എയർലൈൻസ് വഴി ജിദ്ദയിലേക്ക് യാത്ര തിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.