കാക്കനാട് ബസ്സ്റ്റാൻഡ് കം വ്യാപാര സമുച്ചയം; ഊരാളുങ്കൽ സൊസൈറ്റിയെ ഒഴിവാക്കി

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ മെഗാ പദ്ധതികളായ ബസ് സ്റ്റാൻഡ് കം വ്യാപാര സമുച്ചയം, മുനിസിപ്പൽ സ്റ്റേഡിയം എന്നിവയുടെ നിർമാണ ചുമതലയിൽനിന്ന് ഊരാളുങ്കൽ ലേബർ കോഓപറേറ്റിവ് സൊസൈറ്റിയെ ഒഴിവാക്കി. അനുമതിനൽകി എട്ട് മാസമായിട്ടും തുടർ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. കരാർ റദ്ദാക്കാനും വീണ്ടും ടെൻഡർ വിളിക്കാനുമാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന കൗൺസിലിൽ ഇതു സംബന്ധിച്ച് നടപടിയുണ്ടാകും. യു.ഡി.എഫ് ഭരണസമിതിയുടെ സ്വപ്നപദ്ധതികളാണ് ഇവ രണ്ടും. സെപ്റ്റംബറിലായിരുന്നു പദ്ധതിയുടെ നിർമാണപ്രവർത്തങ്ങൾക്ക് അനുമതി നൽകിയത്. ആദ്യം മുതൽ ഏറെ വിവാദങ്ങൾക്കാണ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായത്. മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ചട്ടലംഘനം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷം രംഗത്ത് വന്നിരുന്നു. പിന്നീട് പദ്ധതിയുടെ സി.പി.ആർ സംബന്ധിച്ച വിവാദങ്ങൾ വാക്കേറ്റങ്ങളിലേക്കും നയിച്ചു. തങ്ങളോട് ആലോചിക്കാതെയും തങ്ങളെ അറിയിക്കാതെയുമാണ് അധ്യക്ഷ തീരുമാനങ്ങൾ എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കൗൺസിലർമാർ പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ടായി.

ഇതിനിടെ ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികൾ നഗരസഭയിൽ എത്തി പദ്ധതി പ്രദേശം സന്ദർശിക്കുകയും സർവേ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. എന്നാൽ, റവന്യൂവകുപ്പ് ഇടപെട്ട് സർവേ നിർത്തിച്ചു. ഭൂമി റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥതയിൽ ഉള്ളതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. പിന്നീട് നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍റെ നേതൃത്വത്തിൽ പലതവണ ജില്ല ഉൾപ്പെടെ വകുപ്പ് അധികൃതരുമായി ചർച്ചകൾ നടത്തിയാണ് അനുമതി നേടിയത്. എന്നാൽ, പിന്നീട് ഊരാളുങ്കൽ സൊസൈറ്റിയുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ല

Tags:    
News Summary - Kakkanad Bus Stand cum Shopping Complex; Excluded Uralungal Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.