3.14 കോടി ചെലവാക്കി രണ്ട് ലോക കേരള സഭകൾ; ആരംഭിച്ചത് ഒരേയൊരു പദ്ധതി

കൊച്ചി: കോടികൾ ചെലവിട്ട് നടത്തിയ ലോക കേരള സഭയിലൂടെ ആകെ ആരംഭിക്കാനായത് ഒരേയൊരു പദ്ധതി. 2018ലും 2020ലും പ്രവാസി മലയാളി സംരംഭകരെ പങ്കെടുപ്പിച്ച് നടത്തിയ ലോക കേരള സഭക്ക് 3.14 കോടിയാണ് സർക്കാർ ചെലവഴിച്ചത്. ഒന്നാം ലോക കേരള സഭക്ക് 2,03,21,861 രൂപയും രണ്ടാം ലോക കേരള സഭക്ക് 1,11,12,924 രൂപയുമാണ് ചെലവഴിച്ചത്. നോർക്ക റൂട്ട്സ് ആയിരുന്നു നടത്തിപ്പുകാർ. രണ്ട് ലോക കേരള സഭകളിൽ ഒന്ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലും മറ്റൊന്ന് ദുബൈയിലുമാണ് നടന്നത്.

കേരളത്തിന്‍റെ പുരോഗതി സാധ്യമാകുംവിധം കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന മേഖലകളിൽ പ്രവാസി മലയാളികളുടെ നിക്ഷേപങ്ങൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ചെയർമാനായി ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മന്‍റ്സ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് രൂപം കൊടുത്താണ് 2018ലെ ഒന്നാം ലോക കേരള സഭ പിരിഞ്ഞത്. കമ്പനിയുടെ പ്രഥമ സംരംഭമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വേ സൈഡ് അമിനിറ്റീസ് പ്രോജക്ടാണ് ആരംഭിച്ച ഒരേയൊരു പദ്ധതി. റെസ്റ്റ് സ്റ്റോപ് എന്ന പേരിൽ സ്പെഷൽ പർപസ് വെഹിക്കിൾ രൂപവത്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് നോർക്ക റൂട്ട്സ് വ്യക്തമാക്കുന്നു.

ലോക കേരള സഭയുടെ ഇതുവരെയുള്ള നിക്ഷേപത്തിൽ മറ്റ് പദ്ധതികളൊന്നുമുണ്ടായിട്ടില്ല. എത്ര വ്യവസായികളുടെ മറ്റ് ബിസിനസ് പ്രപ്പോസലുകൾ ഇതുവഴി ലഭിച്ചുവെന്ന വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചിട്ടില്ല. ലോക കേരള സഭ അതിന്‍റെ ഉദ്ദേശ്യലക്ഷ്യം കൈവരിച്ചോ എന്ന ചോദ്യം വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്ന മറുപടിയാണ് വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് അധികൃതർ നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ചെയർമാനായ 351 അംഗ ലോക കേരള സഭയിൽ സംസ്ഥാനത്തെ 141 നിയമസഭാ സാമാജികരും അംഗങ്ങളാണ്. കേരളത്തിൽനിന്നുമുള്ള ഒമ്പത് രാജ്യസഭ അംഗങ്ങൾ, കേരളത്തിലെ 20 ലോക്സഭ അംഗങ്ങൾ, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലെ 42 നോമിനികൾ, ഏഷ്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 85 അംഗങ്ങൾ, ഇതര രാജ്യങ്ങളിലും 15 പേർ എന്നിങ്ങനെ നീളുന്നതാണ് ലോക കേരള സഭയിലെ സ്ഥിരം ക്ഷണിതാക്കൾ.

Tags:    
News Summary - It is the only project that can be started through the Loka Kerala Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.